2021, മേയ് 15, ശനിയാഴ്‌ച

ധമ്മപദം - 2. അപ്പമാദവഗ്ഗ

 ധമ്മപദം 

 2. അപ്പമാദവഗ്ഗ 


ശ്ലോകം 21

 അപ്പമാദോ അമതപദം, 
 പമാദോ മച്ചുനോ പദം 
 അപ്പമത്ത ന മീയന്തി, 
 യേ പമത്താ യഥാ മതാ. 

- - - - - - - - - - 
👉അപ്പമാദ = ജാഗ്രത  👉 അമത = മരണമില്ലാത്ത  👉 പമാദ =  ഉദാസീനത  👉 മച്ചു = മരണം
👉അപ്പമത്ത = ജാഗ്രത   👉മീയതി = മരിക്കുന്നു   👉പമത്ത = ജാഗ്രതയില്ലാ 
- - - - - - - - - - 

ശ്രേഷ്ഠമായ ജാഗ്രതയോടെ സദാ വർത്തിക്കുന്നവൻ അമരപദം നേടുന്നു. സദാ ഉദാസീനനായി വർത്തിക്കുന്നവൻ മൃത്യുപദമാണ് നേടുന്നത്. സദാ ജാഗ്രതയുള്ളവൻ മരണത്തിനു കീഴടങ്ങുന്നില്ല. എന്നാൽ സദാ ഉദാസീനനായവനോ മരിച്ചതിനു സമമാണ്. 


ശ്ലോകം 22

തേ ഝായിനോ സാതതിക,
നിച്ചം ദൽഹപരക്കമാ.
ഫുസന്തി ധീരാ നിബ്ബാണം,
യോഗക്ഖേമം  അനുത്തരം

- - - -- - - - - - - -

👉ഝായി = ധ്യാനം അനുഷ്ഠിക്കുന്നവർ, ജ്ഞാനികൾ      
👉സാതതിക = സാധന ചെയ്യുന്ന 👉നിച്ചം = സ്ഥിരമായി, എല്ലായ്പോഴും
👉 ദൽഹപരക്കമാ = കഠിനപരിശ്രമം 👉ഫുസന്തി = നേടുന്നു, 👉 നിബ്ബാണം =  മുക്തി നേടിയ
👉യോഗക്ഖേമം = ബന്ധനങ്ങളിൽ നിന്നുള്ള മോചനം    👉അനുത്തരം = അതുല്യം

സുസ്ഥിരവും  കഠിനവുമായ പരിശ്രമത്തിലൂന്നിയ  സാധനകളിലൂടെ ധ്യാനം ചെയ്യുന്നവർക്ക് മാത്രമേ എല്ലാ ബന്ധനങ്ങളിൽ നിന്നുള്ള അനുപമമായ  മോചനവും എല്ലാ മോഹങ്ങളിൽ നിന്നുമുള്ള പരമമായ മുക്തിയും ( നിബ്ബാണ) നേടുവാൻ കഴിയുകയുള്ളൂ. 

- - - -- - - - - - - 

ശ്ലോകം 24

ഉട്ഠാനവതോ സതീമതോ
സുചികമ്മസ നിസമ്മകാരിനോ
സഞ്ഞാതസ്സ ച ധമ്മജീവിനോ,
അപ്പമത്തസ്സ യ സോ' ഭിവഡ്ഢതി

- - - -- - - - - - - 


👉ഉട്ഠാനവന്ത് = കർമ്മനിരതനായ  👉 സതീമന്ത് = ധ്യാനാത്മക നായി
👉സുചികമ്മ = വിശുദ്ധമായ കർമ്മം   👉നിസമ്മ = ദാക്ഷിണ്യമുള്ള
👉സഞ്ഞാത = ആത്മനിയന്ത്രണമുള്ള    👉ധമ്മജീവിനോ = ധമ്മമനുസരിച്ചുള്ള ജീവിതചര്യ
👉അപ്പമത്ത = ജാഗ്രതയോടെ    👉അഭിവഡ്ഢതി = അഭിവൃദ്ധി നേടുന്നു.

- - - -- - - - - - - 

കർമ്മനിരതമായും ധ്യാനാത്മകമായും  പ്രവർത്തികളിൽ വിശുദ്ധിയോടെയും  ദാക്ഷിണ്യത്തോടെയും ആത്മനിയന്ത്രണത്തോടെയും ശരിയായ ധമ്മ ജീവിതചര്യയോടെ ജാഗ്രതാപൂർവ്വം  വർത്തിക്കുന്നവനാരോ അവൻ്റെ മഹത്വം  നാൾക്കുനാൾ വർദ്ധിക്കുന്നു.


ശ്ലോകം 25


ഉട്ഠാനേനപ്പമാദേന
സംയമേന ദമേന ച 
ദീപം കയിരാഥ മേധാവീ
യം ഒഘോ നാ'ഭികീരതി

-----------------

👉ഉട്ഠാന = ഉത്തിഷ്ഠത, ഉയരുക   👉അപ്പമാദ = ജാഗ്രത, ഉണരുക 
👉സംയമ = സംയമനം, നിയന്ത്രണം  👉ദമ = സുഖാനുഭവങ്ങളെ അടക്കി വെയ്ക്കുക(ദമനം) 
👉ദീപ = ദ്വീപ് 👉കയിരാ = ചെയ്യുക  👉ഒഘ = വെള്ളപ്പൊക്കം    👉അഭികീരതി = മൂടുക


എഴുന്നേൽക്കുക,  ജാഗരൂകരാവുക, സംയമനം പാലിക്കുക, സുഖം തേടലിനെ അടക്കുക എന്നിവയിലൂടെ ബുദ്ധിയുള്ളവർ വെള്ളത്തിനു മൂടാൻ കഴിയാത്ത ദ്വീപു പോലെ ഉയർന്നു നിൽക്കുന്നു.

- - - -- - - - - - -


ശ്ലോകം 26


പമാദമനുയുഞ്ജന്തി
ബാലാ ദുമ്മേധിനോ ജനാ,
അപ്പമാദഞ്ച മേധാവീ,
ധനം സേട്ഠാം വ രക്ഖതി.


-------------------------------------------
👉പമാദ = അശ്രദ്ധ   👉 അനുയുഞ്ജതി = ഏർപ്പെടുക    👉 ബാല = വിഡ്ഢി
👉ദുമ്മേധ = ദുർബുദ്ധി  👉 ജനാ = ആളുകൾ    👉അപ്പമാദ = ജാഗ്രത
👉മേധാവി = ബുദ്ധിമാൻ  👉സേട്ഠാ = ശ്രേഷ്ഠം    👉രക്ഖത = രക്ഷിക്കുക.

വിഡ്ഢികളും ദുർബുദ്ധികളുമായ ആളുകൾ അശ്രദ്ധയിലേക്ക് ആണ്ടുപോകുന്നു. ബുദ്ധിയുള്ളവർ ഏറ്റവും ശ്രേഷ്ഠമായ ധനമായി ജാഗ്രതയെ കാത്തു സൂക്ഷിക്കുന്നു.

- - - -- - - - - - -

ശ്ലോകം 27

മാ പമാദമനുയുഞ് ജേതാ
മാ കാമാരതി സന്ത വം
അപ്പമത്തോ ഹി ഝായന്തോ
പപ്പോതി വിപുലം സുഖം


👉മാ = അരുത്    👉പമാദ = അശ്രദ്ധ    👉അനുയുഞ്ജതി = ഏർപ്പെടുക     
👉സന്ത = തളരുക  👉അപ്പമത്ത = ജാഗ്രതയുള്ളവൻ
👉ഝായന്ത = ധ്യാനം ശീലിച്ചവൻ      👉പാപ്പോതി = പ്രാപ്തമാക്കുക 


അശ്രദ്ധയിൽ ആണ്ടു പോകാതിരിക്കുക, ലൈംഗിക സുഖങ്ങളിലഭിരമിച്ച് നശിക്കാതിരിക്കുക.   യഥാർത്ഥത്തിൽ അളവറ്റ സുഖാനുഭവം പ്രാപ്തമാകുക ജാഗ്രതയും ധ്യാനവും ശീലിച്ചവർക്ക് മാത്രമാണ്.



- - - -- - - - - - -

ശ്ലോകം 28

പമാദം അപ്പമാദേന,
യദാ നുദതി പണ്ഡിതോ
പഞ്ഞാ പാസാദമാരുയ്ഹ,
അസോകോ സോകിനിം  പജം
പബ്ബതട്ഠോവ ഭൂമട്ഠേ
ധീരോ ബാലേ അവേക്ഖതി.


👉പമാദ = അശ്രദ്ധ    👉അപ്പമാദ = ജാഗ്രത  👉യദാ = ശരിയായി   👉നുദതി = തള്ളിക്കളയുക
👉പഞ്ഞാ = ജ്ഞാനം    👉പസാദ = തെളിച്ചം, വിശ്വാസം  👉ആരുയ്ഹ = ആരോഹണം     👉 അസോക = ദുഃഖവിമുക്തി  👉സോക = ദുഃഖം    👉 പജാ = മനുഷ്യർ 👉പബ്ബതട്ഠ  = പർവതഗ്രം     👉ഭുമാട്ഠ = ഭൗമോപരിതലത്തിൽ  👉ധീര =  ബുദ്ധിമാൻ   👉ബാലാ = വിഡ്ഢി
അവേക്ഖതി = വീക്ഷിക്കുക.


പർവതാഗ്രത്തിലേറിയ  ഒരുവൻ  ഭൂമണ്ഡലം വീക്ഷിക്കുന്നതു പോലെയാണ്, അശ്രദ്ധയെ ജാഗ്രത കൊണ്ട് ഇല്ലായ്മ ചെയ്ത്, ശരിയായ ജ്ഞാനവും വിശ്വാസവും കൊണ്ട് ദുഃഖത്തിൽ നിന്നും  മുക്തി നേടിയ ജ്ഞാനിയായ ഒരുവൻ ദു:ഖിതരായ മനുഷ്യരെ വീക്ഷിക്കുന്നത്.


ശ്ലോകം 29

അപ്പമത്തോ പമത്തേസു 
സുത്തേസു ബഹുജാഗരോ 
അബലസ്സം'വ സീഘാസ്സോ
ഹിത്വാ യാതി സുമേധസോ 

👉അപ്പമത്ത = ജാഗ്രതയുള്ളവൻ     👉പമത്ത = ഉന്മത്തൻ    👉സുത്ത = ഉറങ്ങുന്നവൻ
👉ജാഗരാ = ഉണർന്നവൻ     👉അസ്സ = അശ്വം, കുതിര     👉സീഘ = വേഗതയേറിയ

വേഗമേറിയ കുതിര ദുർബ്ബലമായവയെ പിന്നിലാക്കുന്നതു പോലെ, ജ്ഞാനിയായ ഒരുവൻ ഉന്മത്തരായവർക്കിടയിൽ ജാഗ്രതയുള്ളവനായും  ഉറങ്ങുന്നവർക്കിടയിൽ ഉണർന്നിരിക്കുന്നവനായും ശ്രേഷ്ഠനായി വർത്തിക്കുന്നു.



ശ്ലോകം 30

അപ്പമാദേന മാഘവാ
ദേവാനം സേട്ഠതം ഗതോ
അപ്പമാദം പസംസന്തി
പമാദോ ഗരഹിതോ സദാ.

👉പമാദ = അശ്രദ്ധ    👉അപ്പമാദ = ജാഗ്രത    👉മാഘവാ = ദേവേന്ദ്രൻ     
 👉പസംസാ = പ്രശംസിക്കുക    👉 ഗരഹിതാ = ശകാരിക്കുക, നിന്ദിക്കുക

ജാഗ്രത ഒന്നു കൊണ്ടു മാത്രമാണ് ദേവകളിൽ ശ്രേഷ്ഠനായി ഇന്ദ്രൻ വർത്തിക്കുന്നത്. (ശ്രേഷ്ഠനായിരിക്കുവാൻ ഇന്ദ്രൻ പോലും സദാ ജാഗരൂകനായിരിക്കണം എന്നു വിവക്ഷ) ജാഗ്രത പ്രശംസനീയമാണ്, ജാഗ്രതയില്ലാതിരിക്കുക എന്നത്  എല്ലായ്പോഴും നിന്ദ്യവുമാണ്.


2021, മേയ് 9, ഞായറാഴ്‌ച

ധമ്മപദം - 8. സഹസ്സവഗ്ഗ (സഹസ്രവർഗം)

 ധമ്മപദം

8. സഹസ്സവഗ്ഗ 

(സഹസ്രവർഗം)


ശ്ലോകം 100

 സഹസ്സമപി ചേ വാചാ 
 അനത്ഥപദ സംഹിതാ 
 ഏകം അത്ഥപദം  സെയ്യോ 
 യം സുത്വാ ഉപസമ്മതി 


കാതിലെത്തുന്ന അർത്ഥമില്ലാത്ത ആയിരം വാക്കുകളേക്കാൾ,  ആശ്വാസമേകുന്ന  ഒരൊറ്റ വാക്കാണ് നല്ലത്. 


ശ്ലോകം 101
 
സഹസ്സമപി ചേ ഗാഥാ 
 അനത്ഥപദ സംഹിതാ 
 ഏകം ഗാഥാപദം സെയ്യോ
 യം സുത്വാ ഉപസമ്മതി 


കാതിലെത്തുന്ന അർത്ഥമില്ലാത്ത ആയിരം  പദ്യങ്ങളേക്കാൾ,  ആശ്വാസമേകുന്ന  ഒരൊറ്റ  വരിയാണ് നല്ലത്. 


 ശ്ലോകം 102

യോ ച ഗാഥാ സതം ഭാസേ 
 അനത്ഥപദ സംഹിതാ 
 ഏകം ധമ്മപദം സെയ്യോ
 യം സുത്വാ ഉപസമ്മതി 


ഉരുവിടുന്ന അർത്ഥമില്ലാത്ത പരശതം പദ്യങ്ങളേക്കാൾ,  കേൾക്കുന്നവർക്ക് ശാന്തിയും സമാധാനവും  പകരുന്ന ധമ്മപദം  തന്നെയാണ് ഏറ്റവും ശ്രേഷ്ഠം.


 ശ്ലോകം 103

യോ സഹസ്സം സഹസ്സേന, 
 സങ്ഗാമേ മാനുസേ ജിനേ 
 ഏകാഞ്ച  ജെയ്യമത്താനം, 
 സ വേ സങ്ഗാമജുത്തമോ 


ആയിരക്കണക്കിനാളുകളെ ആയിരം വട്ടം യുദ്ധത്തിൽ പരാജയപ്പെടുത്തുന്നതിനേക്കാൾ  ഉത്തമമായ വിജയം ഒരുവൻ സ്വയം തൻ്റെ മനസ്സിനെത്തന്നെ കീഴടക്കുന്നതു തന്നെയാണ്.


 ശ്ലോകം 104

അത്താ ഹവേ ജിതം സെയ്യോ 
 യാ ചായം ഇതരാ പജാ 
 അത്തദന്തസ്സ പൊസസ്സ, 
 നിച്ചം സഞ്ഞത ചാരിനോ 


മറ്റുള്ളവരുടെ മേലെ ജയം നേടുന്നതിനേക്കാൾ തന്നെത്തന്നെ കീഴടക്കുന്നതാണ് മഹത്തരം, എന്തെന്നാൽ ആത്മനിയന്ത്രണം ഉള്ളവന് മാത്രമേ ജീവിത വിജയം സുനിശ്ചിതമായിട്ടുള്ളൂ.


ശ്ലോകം 105

 നേവ ദേവോ ന ഗന്ധബ്ബോ, 
 ന മാരോ സഹ ബ്രഹ്മുനാ 
 ജിതം അപജിതം കയിരാ 
 തഥാരൂപസ്സ ജന്തുനോ 


സ്വന്തം മനസ്സിനെ കീഴടക്കിയ ഒരുവൻ്റെ വിജയത്തെ ഇല്ലാതാക്കാൻ  ദേവകൾക്കോ ഗന്ധർവ്വൻമാർക്കോ മൃത്യുവിനോ സ്രഷ്ടാവിനു  തന്നെയുമോ  കഴിയുകയില്ല. 


ശ്ലോകം 106

 മാസേ, മാസേ സഹസ്സേന, 
 യോ യജേത സതം സമം 
 ഏകഞ്ച ഭവിതത്താനം, 
 മുഹുത്തം അപി പൂജയേ 
 സാ യേ'വ പൂജനാ സെയ്യോ
 യഞ്ചേ വസ്സസതം ഹുതം 

ഒരു നൂറു വർഷക്കാലം  മാസം തോറും ആയിരകണക്കിനു  പുരോഹിതർക്ക് ദാനം ചെയ്യുന്നതിനേക്കാൾ, ആത്മസാക്ഷാൽക്കാരം നേടിയ ഒരു ഭിക്ഷുവിനെ അല്പനേരമെങ്കിലും സമുചിതമായി ആദരിക്കുന്നതു തന്നെയാണുത്തമം.



ശ്ലോകം 107

 യോ ച വസ്സസതം ജന്തു, 
 അഗ്ഗിം പരിചരേ വനേ 
 ഏകഞ്ച ഭവിതത്താനം, 
 മുഹുത്തം അപി പൂജയേ 
 സാ യേ'വ പൂജനാ സെയ്യോ
 യഞ്ചേ വസ്സസതം ഹുതം 

ഒരു നൂറു വർഷക്കാലം വനത്തിൽ  ഹോമാഗ്നി ജ്വലിപ്പിക്കുന്നതിനേക്കാൾ, ആത്മനിയന്ത്രണം നേടിയ ഒരു ഭിക്ഷുവിനെ, അല്പനേരമെങ്കിലും സമുചിതമായി ആദരിക്കുന്നതു തന്നെയാണുത്തമം.

ശ്ലോകം 108 

 യം കിഞ്ചി യിട്ഠം വ ഹുതം വ ലോകേ 
 സംവച്ഛരം യജേഥ പുഞ്ഞപേക്ഖോ, 
 സബ്ബം പി തം ന ചതുഭാഗമേതി, 
 അഭിവാദന ഉജ്ജുഗതേസു സെയ്യോ 

സത്യത്തിൻ്റെ മാർഗത്തിൽ ചരിക്കുന്നവനെ ആദരിക്കുന്നതിലൂടെ നേടാൻ കഴിയുന്ന പുണ്യത്തിൻ്റെ നാലിൽ ഒന്നു പോലും വരില്ല, ഒരാൾ ഒരു വർഷം മുഴുവൻ യാഗത്തിലൂടെ ദാനമായും ബലിയായും എന്തു തന്നെ  നൽകിയാലും  നേടാൻ കഴിയുന്ന പുണ്യം.


ശ്ലോകം 109

 അഭിവാദനസീലിസ്സ,
നിച്ചം വുദ്ധാപചായിനോ 
 ചത്താരോ ധമ്മ വദ്ധന്തി 
 ആയു വണ്ണോ സുഖം ബലം 

- - - - - - - -
അഭിവാദനസീലിസ്സ = സദ്ഗുണങ്ങളെ മാനിക്കുന്നവർക്ക്
നിച്ചം = നിശ്ചയമായും
വുദ്ധപചായിനോ  = വൃദ്ധരെ ആദരിക്കുന്ന
ചത്താരോ  = നാല്
വദ്ധന്തി = വർദ്ധിക്കും
ആയു = ആയുസ്സ്
വണ്ണ = നിറം, സൗന്ദര്യം
- - - - - - - -

നിശ്ചയമായും സദ്ഗുണങ്ങളെ മാനിക്കുന്നവർ  പ്രായമായവരെ യഥാവിധി ആദരിക്കുക തന്നെ ചെയ്യും.  മുതിർന്നവരെ  ആദരിക്കുന്നവർക്കു ആയുസ്സ് , സൗന്ദര്യം, സൗഖ്യം, ബലം  എന്നിവ നാലും  വർദ്ധിക്കുകയും ചെയ്യുന്നു.


ശ്ലോകം 110

 യോ ച വസ്സസതം  ജീവേ, 
 ദുസ്സീലോ അസമാഹിതോ 
 ഏകാഹം ജീവിതം സെയ്യോ, 
 സീലവന്തസ്സ ഝായിനോ 

അസാന്മാർഗിയായി യാതൊരു നിയന്ത്രണങ്ങളുമില്ലാതെ  നൂറു  വർഷം ജീവിക്കുന്നതിനേക്കാൾ നല്ലശീലങ്ങളുള്ളവനായി  ധ്യാനപൂർവം ഒരു ദിവസം ജീവിക്കുന്നതാണ് ഉത്തമം.

ശ്ലോകം 111

 യോ ച വസ്സസതം  ജീവേ, 
 ദുപ്പഞ്ഞോ അസമാഹിതോ 
 ഏകാഹം ജീവിതം സെയ്യോ, 
 പഞ്ഞവന്തസ്സ ഝായിനോ 

- - - - - - - - - - - - - - - - - - - - 
വസ്സസതം = നൂറു വർഷം
ജീവേ = ജീവിച്ചാലും
ദുസ്സീല = ദുശ്ശീലങ്ങളുള്ളവൻ, അസാൻമാർഗി
അസമാഹിതോ = നിയന്ത്രണങ്ങളില്ലാതെ
ഏകാഹ = ഒരു ദിവസം 
സെയ്യോ = അതിനേക്കാൾ
സീലവന്തു = സൻമാർഗി, സുശീലൻ
ഝായിനോ = ധ്യാനം ചെയ്യുന്നവൻ
ദുപ്പഞ്ഞ = വിഡ്ഢി
പഞ്ഞവന്തു = ബുദ്ധിമാൻ


ഒരു വിഡ്ഢി ആയി യാതൊരു മനോനിയന്ത്രണങ്ങളുമില്ലാതെ  നൂറു വർഷം ജീവിക്കുന്നതിനേക്കാൾഒരു ബുദ്ധിമാനായി  ധ്യാനപൂർവ്വം ഒരൊറ്റ ദിവസം ജീവിക്കുന്നതാണ് ഉത്തമം.



ശ്ലോകം 112

യോ ച വസ്സസതം  ജീവേ,
 കുസീതോ ഹീനവീര്യോ 
 ഏകാഹം ജീവിതം സെയ്യോ, 
 വീര്യം ആരഭതോ ദൽഹം 

നൂറു  വർഷം മടിയനായും ഉദാസീനനായും ആയി ജീവിക്കുന്നതിനേക്കാൾ
ഒരേയൊരു ദിവസം വീര്യവാനായും ഉർജ്ജസ്വലനായും ജീവിക്കുന്നതാണ് ഉത്തമം.

ശ്ലോകം 113

 യോ ച വസ്സസതം  ജീവേ, 
 അപസ്സം  ഉദയബ്ബയം 
 ഏകാഹം ജീവിതം സെയ്യോ, 
 പസ്സതോ ഉദയബ്ബയം 

എങ്ങനെയാണ് കാര്യങ്ങൾ ഉണ്ടാകുന്നതെന്നും നശിക്കുന്നതെന്നും മനസ്സിലാക്കാതെ ( ഉദയാസ്തമനങ്ങളറിയാതെ ) നൂറു വർഷം ജീവിക്കുന്നതിനേക്കാൾ ഒരേയൊരു ദിവസം അത് മനസ്സിലാക്കി ജീവിക്കുന്നതാണ് ഉത്തമം.

- - - - - - - - - -

അപസ്സ = ഗ്രഹിക്കാതിരിക്കുക
ഉദയബ്ബയം = ഉദയാസ്തമനങ്ങൾ,
ഉയർച്ചതാഴ്ചകൾ, വൃദ്ധിക്ഷയങ്ങൾ 
പസ്സ = ഗ്രഹിക്കുക, മനസ്സിലാക്കുക


ശ്ലോകം 114

 യോ ച വസ്സസതം  ജീവേ, 
 അപസ്സം അമതം പദം 
 ഏകാഹം ജീവിതം സെയ്യോ ,
 പസ്സതോ അമതം പദം 


അനശ്വരനായ ഒരുവനെ  അറിയാൻ  കഴിയാതെ നൂറു  വർഷം ജീവിക്കുന്നതിനേക്കാൾ നല്ലത് അങ്ങനെയൊരുവനെ  അറിഞ്ഞ ശേഷം ഒരു ദിവസമെങ്കിലും ജീവിക്കുവാൻ കഴിയുന്നതാണ് .


ശ്ലോകം 115

 യോ ച വസ്സസതം  ജീവേ, 
 അപസ്സം ധമ്മമുത്തമം 
 ഏകാഹം ജീവിതം സെയ്യോ, 
 പസ്സതോ ധമ്മമുത്തമം 


ഉത്തമമായ ധമ്മത്തെ അറിയാതെ (സ്വീകരിക്കാൻ കഴിയാതെ) നൂറു  വർഷം ജീവിക്കുന്നതിനേക്കാൾ നല്ലത് ഉത്തമമായ ധമ്മത്തെ അറിഞ്ഞ (സ്വീകരിച്ച) ശേഷം ഒരു ദിവസമെങ്കിലും ജീവിക്കുവാൻ കഴിയുന്നതാണ്. 



2021, മേയ് 8, ശനിയാഴ്‌ച

ധമ്മപദം - 1. യമകവഗ്ഗ

ധമ്മപദം 

1. യമക വഗ്ഗ


ശ്ലോകം 1

മനോ പുബ്ബംഗമാ ധമ്മാ
മനോസെ
ട് ഠാ മനോമയാ 
മനസാ ചെ പദുട്ഠേന
ഭാസതി വാ കരോതി വാ
തതോ നം ദുക്ഖമന്വേതി
ചക്കം വ വഹതോ പദം 

മനസ്സാണ് മുമ്പേ പായുന്നത്. മനസ്സാണ് നയിക്കുന്നത്. മനസ്സാണ് മയങ്ങി പോകുന്നതും. മനസ്സു കൊണ്ട്, പറയുന്നതും പ്രവർത്തിക്കുന്നതും ദുഷിച്ചു പോയാൽ ദു:ഖം ഉണ്ടാകുന്നു. അത് വണ്ടിക്കാളയുടെ കുളമ്പടികളെ പിൻതുടരുന്ന ചക്രങ്ങൾ പോലെ നമ്മളെ വലിച്ചുകൊണ്ടുപോകും. 


ശ്ലോകം 2

മനോ പുബ്ബംഗമാ ധമ്മാ
മനോസെ
ട് ഠാ മനോമയാ
മനസാ ചെ പസന്നേ ന
ഭാസതി വാ കരോതി വാ
തതോ നം സുഖമന്വേതി
ഛായാ വ അനപായിനി


മനസ്സാണ് മുമ്പേ പായുന്നത്. മനസ്സാണ് നയിക്കുന്നത്. മനസ്സാണ് മയങ്ങി പോകുന്നതും. മനസ്സു കൊണ്ട്, പറയുന്നതും പ്രവർത്തിക്കുന്നതും നല്ലതായാൽ അവിടെ സുഖം ഉണ്ടാകും. അത് ഒരിക്കലും അകന്നു പോകാത്ത  നിഴൽ പോലെ കൂടെയുണ്ടാകും.


ശ്ലോകം 3

അക്കൊച്ചി മാം അവധി മാം
അജിനി മാം അഹാസി മേ
യേ തം ഉപനയ്ഹന്തീ
വേരം തേസം ന സമ്മതി 


എന്നോട് കോപിച്ചു, എന്നെ അടിച്ചു, എന്നെ ജയിച്ചു, എല്ലാം കവർന്നു. എന്ന ചിന്തകൾ ഉപേക്ഷിക്കാതെ  വൈരം അവസാനിക്കുകയില്ല. 


ശ്ലോകം 4


അക്കൊച്ചി മാം അവധി മാം
അജിനി മാം അഹാസി മേ
യേ തം ന ഉപനയ്ഹന്തീ
വേരം തേസൂപസമ്മതി 


എന്നോട് കോപിച്ചു, എന്നെ അടിച്ചു, എന്നെ ജയിച്ചു, എല്ലാം കവർന്നു എന്ന ചിന്തകൾ ഉപേക്ഷിക്കുമ്പോൾ വൈരം അലിഞ്ഞു പോകുന്നു. 


ശ്ലോകം 5


 നഹി വേരേന വേരാനി 
 സമ്മന്തീ ധാ കുദാചനം 
 അവേരേന ച സമ്മന്തി 
 ഏസ ധമ്മോ സനന്തനോ 


വെറുപ്പിനെ ഒരിക്കലും വെറുപ്പു കൊണ്ട് ഇല്ലാതാക്കാൻ കഴിയില്ല. എന്നാൽ സ്നേഹം കൊണ്ട് വെറുപ്പിനെ ഇല്ലാതാക്കാൻ കഴിയുമെന്നത് ശാശ്വതമായ പരിഹാരമാർഗമാണ്.


ശ്ലോകം 6


 പരേ ച ന വിജാനന്തി 
 മയമേത്ഥാ യമാമസേ 
 യേ ച തത്ഥാ വിജാനന്തി 
 തതോ സമ്മന്തി മേധഗാ
 


മറ്റുള്ളവർ മനസ്സിലാക്കുന്നില്ല, ഒരു നാൾ നമ്മൾ നിശ്ചയമായും ഇല്ലാതെയാകും. ഇത് യഥാർത്ഥത്തിൽ മനസ്സിലാക്കുന്നവരാകട്ടെ തങ്ങളുടെ കലഹങ്ങൾ നിശ്ചയമായും ഇല്ലാതെയാക്കും. 


ശ്ലോകം 7


 സുഭാനുപസ്സിം വിഹരന്തം 
ഇന്ദ്രിയേസു അസംവുതം
ഭോജനംഹി അമത്തഞ്ഞും 
കുസീതം ഹീനവീരിയം
തം വേ പസഹതി  മാരോ
വാതോ രുക്ഖം വ ദുബ്ബലം 


ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാതെയും, മതി വരാതെ ഭക്ഷിച്ചും സുഖലോലുപതയിൽ വിഹരിക്കുന്നവൻ അലസനും കഴിവുകെട്ടവനു മായിത്തീരുകയും  ദുർബ്ബലമായ മരത്തിനെ കൊടുങ്കാറ്റെന്ന പോലെ അവനെ പ്രലോഭനങ്ങൾ കീഴ്പെടുത്തുകയും ചെയ്യുന്നു. 


ശ്ലോകം 8


അസുഭാനുപസ്സിം വിഹരന്തം 
ഇന്ദ്രിയേസു സുസംവുതം
ഭോജനംഹി ച അമത്തഞ്ഞും 
സദ്ധം ആരദ്ധവീരിയം
തം വേ നപ്പസഹതി  മാരോ
വാതോ സേലം വ പബ്ബതം 


ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചും മാത്രയറിഞ്ഞു ഭക്ഷിച്ചും ഇല്ലായ്മകളെ സ്വീകരിച്ചു ധ്യാനപൂർവ്വം ജീവിക്കുന്നവൻ (meditation) ശ്രദ്ധയോടെയും ചിട്ടയോടെയും  വീര്യവാനാവുകയും  പ്രലോഭനങ്ങൾക്കു കീഴ്പെടാതെ അവൻ പർവ്വതം കൊടുങ്കാറ്റിലെന്ന പോലെ  ഉറച്ചു നിൽക്കുകയും ചെയ്യുന്നു. 


ശ്ലോകം 9 

അനിക്കസാവോ കാസാവം 
യോ വത്ഥം പരിദഹേസ്സതി 
അപേതോ ദമസച്ചേന 
ന സോ കാസാവം അരഹതി 


മനസ്സിലെ കളങ്കം നീക്കാതെ  കാഷായ വസ്ത്രം (സന്യാസ വേഷം)  അണിഞ്ഞതു കൊണ്ടു മാത്രം ആത്മനിയന്ത്രണവും സത്യസന്ധതയും ഇല്ലാത്ത ഒരുവന് കാഷായ വസ്ത്രത്തിന് ഒരു അർഹതയും  ഉണ്ടാവുന്നില്ല.


ശ്ലോകം 10 

യോ ച വന്തകസാവസ്സ 
സീലേസു സുസമാഹിതോ 
ഉപേതോ ദമസച്ചേന 
സ വേ കാസാവം അരഹതി 


മനസ്സിലെ കളങ്കമെല്ലാം ഒഴിവാക്കി,  സദ്ഗുണങ്ങൾ ആർജിച്ചു കൊണ്ട്  ആത്മനിയന്ത്രണവും സത്യസന്ധതയും കൈമുതലാകുമ്പോൾ  മാത്രമേ കാഷായ വസ്ത്രത്തിന് (സന്യാസ വേഷം)  ഒരുവന് അർഹത ഉണ്ടാകൂ. 


ശ്ലോകം 11

 അസാരേ സാരമതിനോ 
സാരേ ചസാരദസ്സിനോ 
തേ സാരം നാധിഗച്ഛന്തി 
മിച്ഛാ സങ്കപ്പഗോചര 


നിസ്സാരമായതിനെ സാരമായുംസാരമായതിനെ നിസ്സാരമായും കണ്ട്, തെറ്റായ സങ്കൽപങ്ങളിൽ അഭിരമിക്കുന്നവർക്ക് യഥാർത്ഥമായ  സാരം ഒരിക്കലും ഗ്രഹിക്കാൻ കഴിയുകയില്ല


ശ്ലോകം 12

 സാരഞ്ച സാരതോ ഞത്വാ 
 അസാരഞ്ച അസാരതോ 
 തേ സാരം അധിഗച്ഛന്തി 
 സമ്മാ സങ്കപ്പഗോചര 


നിസ്സാരമായതിനെ നിസ്സാരമായും സാരമായതിനെ സാരമായും ശരിയാംവണ്ണം ഗ്രഹിക്കുന്നവർക്ക് മാത്രമേ യഥാർത്ഥമായ സാരം ഗ്രഹിക്കാൻ കഴിയുകയുളളൂ.


ശ്ലോകം 13

യഥാ ഗാരം ദുച്ഛന്നം 
വുത്തി സമതിവിജ്ഝതി 
ഏവം അഭാവിതം ചിത്തം 
രാഗോ സമതിവിജ്ഝതി 


എങ്ങനെയാണോ ശരിയാം വണ്ണം മേയാത്ത മേൽക്കൂരയിലൂടെ മഴവെള്ളം അകത്തേയ്ക്ക് തുളച്ചുകയറുന്നത് അതേ പോലെ ശരിയാം വണ്ണം വികസിക്കാത്ത മനസ്സിലേക്ക് ചപല വികാരങ്ങൾ കടന്നു കയറുന്നു.


ശ്ലോകം 14


 യഥാ ഗാരം സുച്ഛന്നം 
 വുത്തി ന സമതിവിജ്ഝതി 
 ഏവം സുഭാവിതം ചിത്തം 
 രാഗോ ന സമതിവിജ്ഝതി 


എങ്ങനെയാണോ ശരിയാം വണ്ണം മേഞ്ഞ മേൽക്കൂര മഴവെള്ളം അകത്തേയ്ക്ക് തുളച്ചുകയറുന്നത് തടയുന്നത് അതേ പോലെ ശരിയാം വണ്ണം വികസിച്ച മനസ്സ്  ചപല വികാരങ്ങൾ കടന്നു കയറാൻ അനുവദിക്കുകയില്ല.


ശ്ലോകം 15


 ഇധ സോചതി പേച്ച സോചതി 
 പാപകാരീ ഉഭയത്ഥ സോചതി 
 സോ സോചതി സോ വിഹഞ്ഞതി 
 ദിസ്വാ കമ്മ കിലിത്ഥമത്തനോ 


മുമ്പ് ചെയ്തു പോയ പാപകർമ്മങ്ങളെ ഓർത്ത് ഇപ്പോൾ  ദുഃഖിക്കുന്നു, ഇനി വരും കാലത്തിലും ദുഃഖിച്ചു കൊണ്ടേയിരിക്കും. കർമ്മങ്ങളുടെ പാപഭാരം  അവരെ ദു:ഖത്തിലേയ്ക്കും  ദുരിതത്തിലേയ്ക്കും ആഴ്ത്തുന്നു.


ശ്ലോകം 16

 ഇധ മോദതി പേച്ച മോദതി 
 കതപുഞ്ഞൊ ഉഭയത്ഥ മോദതി 
 സോ മോദതി സോ പമോദതി 
 ദിസ്വാ കമ്മ വിസുദ്ധമത്തനോ 


മുമ്പ് ചെയ്ത പുണ്യകർമ്മങ്ങൾ  ഇപ്പോഴും  ആമോദം പകരുന്നു. ഇനി വരും കാലത്തിലും അത് ആമോദമേകും. കർമ്മങ്ങളുടെ വിശുദ്ധി അവരെ ആനന്ദത്തിലേയ്ക്കും  പരമാനന്ദത്തിലേയ്ക്കും നയിക്കുന്നു.


ശ്ലോകം 17

 ഇധ തപ്പതി പേച്ച തപ്പതി 
 പാപകാരീ ഉഭയത്ഥ തപ്പതി 
 പാപം മേ കതങ്തി തപ്പതി 
 ഭിയ്യോ തപ്പതി ഭുഗ്ഗതിം ഗതോ 

ഇവിടെ ചെയ്തു പോയ പാപകർമ്മങ്ങൾ ഒരുവൻ്റെ മനസ്സിനെ പൊള്ളിക്കുന്നു, ഇനി മറ്റൊരിടത്തേക്ക് പോയാലും  അത് അവൻ്റെ മനസ്സിനെ പൊള്ളിച്ചു കൊണ്ടേയിരിക്കും. സ്വന്തം ദുഷ്പ്രവൃത്തികൾ മൂലമുള്ള താപം എവിടെപ്പോയാലും ദുർഗതി വരുത്തുന്നു. 


ശ്ലോകം 18

 ഇധ നന്ദതി പേച്ച നന്ദതി 
 കതപുഞ്ഞോ  ഉഭയത്ഥ നന്ദതി 
 പുഞ്ഞം മേ കതങ്തി നന്ദ തി 
 ഭിയ്യോ നന്ദതി സുഗ്ഗതിം ഗതോ 

ഇവിടെ ചെയ്ത  നല്ല പ്രവൃത്തികൾ  ഒരുവൻ്റെ മനസ്സിനെ ആനന്ദിപ്പിക്കുന്നു, ഇനി മറ്റൊരിടത്തേക്ക് പോയാലും  അത് അവൻ്റെ മനസ്സിനെ ആനന്ദിപ്പിച്ചു കൊണ്ടേയിരിക്കും. സ്വന്തം സദ്പ്രവൃത്തികൾ മൂലമുള്ള ആനന്ദം എവിടെപ്പോയാലും  സദ്ഗതി വരുത്തുന്നു.


ശ്ലോകം 19

ബഹും പി ചേ സഹിതം ഭാസമാനോ 
 ന തക്കരോ ഹോതി നരോ പമത്തൊ 
 ഗോപോവോ ഗാവോ ഗനയം പരേസം 
 ന ഭാഗവാ സാമഞ്ഞസ്സ ഹോതി 

പശുക്കളെ പരിപാലിക്കുന്നവനു കിട്ടുന്ന പുണ്യം ഗോശാലയിൽ ഗോക്കളെല്ലാം തിരിച്ചെത്തിയോ എന്ന് എണ്ണമെടുക്കുന്നവന് കിട്ടാത്തതുപോലെ  വിശുദ്ധ ഗ്രന്ഥങ്ങളിലെ ഉദ്ബോധനങ്ങൾ  പാലിക്കാതെ അതു പാടി നടക്കുന്നവന് അനുഗ്രഹീതമായ ജീവിത സായൂജ്യം ലഭിക്കുകയില്ല. 


 ശ്ലോകം 20

അപ്പം പി ചേ ഭാസമാനോ 
 ധമ്മസ്സ ഹോതി അനുധമ്മചാരീ 
 രാഗഞ്ച ദോസഞ്ച പഹായ മോഹം 
 സമ്മപ്പജാനോ സുവിമുത്തചിത്തോ 
 അനുപാദിയാനോ ഇധ വാ ഹുരം വാ 
 സ ഭാഗവാ സാമഞ്ഞസ്സാ ഹോതി. 

വിശുദ്ധ ഗ്രന്ഥങ്ങളിലെ പ്രബോധനങ്ങൾ പാടി നടന്നില്ലെങ്കിൽ പോലും  ധമ്മാചരണം ശരിയാംവണ്ണം പാലിച്ച് കാമവും ദ്വേഷവും മോഹവും ഇല്ലായ്മ ചെയ്ത് ശരിയായ ജ്ഞാനത്തിലൂടെ മനസ്സിനെ ശുദ്ധവും സ്വതന്ത്രവും നിസംഗവുമാക്കുന്നവന് അനുഗ്രഹീതമായ ജീവിത സായൂജ്യം നേടുവാനാകുന്നു.

2020, ജനുവരി 10, വെള്ളിയാഴ്‌ച

ഗന്ധർവരാഗം

പാടുക, ഗാനഗന്ധർവ്വ, പാടുക
പാലമരത്തിന്റെ ശാഖകളിലാകവേ
പൂക്കൾ വിടർത്തി വർഷിച്ചു പാടുക
പാലപൂത്ത സുഗന്ധമായി പടരുക

ഈ വഴി മറന്നൊരാ ശ്യമമേഘങ്ങളെ,
രാഗഭാവങ്ങളാലാനയിച്ചീടുക,
ഇപ്പൈക്കിടാങ്ങളെ ചാരത്തണയ്ക്കുക, എന്റെ
കദനകാളിന്ദിയിൽ ശാന്തിമധുരം നിറക്കുക.

ഗന്ധർവ്വരാഗം ഒഴുകിയെത്തുമ്പോൾ
അന്തരംഗത്തിലും രാഗപീയൂഷം
അഷ്ടദിഗ്ഗജങ്ങളിൽ മാരിവിൽകുടമാറ്റം
അംഗുലിത്തുമ്പുകളിൽ താള വിന്യാസം

ശംഭുവിന്നുടുക്കിലുംതാളം ഉണരട്ടെ
നിൻ രാഗ ബിന്ദുവിൽ ലോകം ഒതുങ്ങട്ടെ
ഗോവർദ്ധനഗിരി കുടയായ് വിരിയട്ടെ
ഗോപികമാർ രാസനൃത്തം ചവിട്ടട്ടെ

പാടുനീ ഗാനഗന്ധർവ്വ, പാടുക
രാഗഭാവങ്ങളായൊഴുകി പടരുക
അനുപമം നിൻറെ സ്വരരാഗസിന്ധുവിൽ
അലിയട്ടെ വെണ്ണയായീ കരിമ്പാറയും

കൊമ്പുകൾ കോർത്തു നിൽക്കുന്ന മാനുകൾ
ഗാനചന്ദ്രികയിൽ കുളിർ ചൂടി നിൽക്കുന്നു
മിന്നുമീ കൊച്ചുതാരങ്ങളിൽ നിന്നും
മഞ്ഞു തുള്ളികൾ കുളിരായി പൊഴിയുന്നു.

നിന്റെ താരാട്ടു പാട്ടുകേട്ടെന്റെ
കുഞ്ഞിനൊപ്പമുറങ്ങട്ടെ ഈശ്വരൻ
നിന്റെ ഉണർത്തുപാട്ടു കേട്ടെന്റെ
മണ്ണിൽ മാനവസ്നേഹം പുലരട്ടെ.

പ്രണവനാദമായുണരട്ടെ നിൻ സ്വരം
പ്രണയമിന്നതിലൊഴുകിയെത്തിടും.
ശുഭകരം നിന്റെ മൃദുസ്വരമതിൽ
പുതുവസന്തവും ചിറകു നീർത്തിടും

ഉണരുമായിരം സുമദളങ്ങളിൽ
സുഖദഗന്ധളെങ്ങും പരന്നിടും
കല്പപവൃക്ഷത്തലപ്പുകളൊക്കെയും
നിന്റെ പാട്ടിനു മുദ്രകൾ കാട്ടിടും

തേന്മാവുകൾ തളിരേന്തിടും പൂത്തിടും
കുയിലുകൾ തളിർ തിന്നു മദിച്ചിടും.
നിന്റെയീ ഗാനധാരയ്ക്കു പിന്നാലെ
കോകിലങ്ങൾ കളകൂജനം ചെയ്തിടും

ഇന്ദ്രധനുസ്സിന്റെ വർണ്ണജാലങ്ങളായി
ചന്ദ്രകിരണത്തിൻ മൃദുലസ്പർശങ്ങളായി,
മന്ദ്രമോഹന സുന്ദരമായെന്റെ
ഇന്ദ്രിയങ്ങളിൽ നിറയട്ടെ നിൻ സ്വരം

ചകിതചിന്തകളാകെയുമൊഴിയട്ടെ
സകല ദ്വേഷത്തിനഗ്നിയുമണയട്ടെ
പഥികരീനീണ്ടപാതയിൽ തളരാതെ,
മധുരശീതളിമയാകട്ടെ നിൻഗാനം.

ഇവിടെ നീരറ്റഭൂവിന്നു ഗംഗയായി,
അചരസാലഭഞ്ജികകളിലുയിരായി,
വിരഹദുഃഖങ്ങളകലുവാൻ പിന്നെയും
നിന്റെ ഗാനങ്ങൾ നിറയട്ടെ വീഥിയിൽ.

പാടുക ഗാനഗന്ധർവ പാടുക
അന്ധകാരത്തിൽ നിലാവായി നിറയുക.
പുതിയ പുലരി വരുമെന്നു പാടി നീ
മണ്ണിലെന്നും പ്രതീക്ഷ നിറയ്ക്കുക.



2019, നവംബർ 3, ഞായറാഴ്‌ച

പറച്ചിക്കല്ല്

*പറച്ചിക്കല്ല്*
------------------
ഏ ആർ രാജേഷ് അതിരമ്പുഴ

കോട്ടയത്ത് തിരുനക്കര മഹാദേവ ക്ഷേത്രത്തിന്റെ മുന്നിൽ മതിൽക്കെട്ടിനു പുറത്ത് ഉറപ്പിച്ചിരിക്കുന്ന കല്ലിന്റെ വിളിപ്പേരാണ് പറച്ചിക്കല്ല്.

എന്താണത്? എങ്ങിനെ ആ പേരു കിട്ടി?

അതറിയണമെങ്കിൽ കോട്ടയത്തിന്റെയും തിരുനക്കരയുടെയും കോടിമതയുടെയും ഈരയിൽ കടവിന്റെയും നാഗമ്പടത്തിന്റെയും ഒക്കെ കഥയറിയണം.

ഗൗതമപുരം കോട്ടയമായി മാറിയ പരിണാമകഥയറിയണം.

പുരാതന കാലത്ത് കേരളമാകെ സംസാരിച്ചിരുന്ന ഭാഷ തമിഴായിരുന്നു എന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. മലയാളത്തിലേക്ക് ഉള്ള പരിണാമത്തിന് നിമിത്തമായത് സംസ്കൃത ഭാഷയുടെ സ്വാധീനം കൊണ്ടാണെന്നാണ് ഭാഷാവിദഗ്ദ്ധർ നമ്മെ ഇതേ വരെ ധരിപ്പിച്ചു വെച്ചിരിക്കുന്നത്. എന്നാൽ സംസ്കൃതത്തിന്റ വരവിനും എത്രയോ മുമ്പ് മലയാള നാട്ടിലേക്ക് പാലി ഭാഷ കടന്നു വന്നിരുന്നു.

ബുദ്ധമത പ്രചാരകരായിരുന്ന മൗര്യ ചക്രവർത്തിമാരുടെ പിന്തുണയോടെ കേരളത്തിലും ഒട്ടനവധി ബുദ്ധവിഹാരങ്ങൾ ആരംഭിച്ചിരുന്നു. അതിൽ പ്രമുഖമായിരുന്നു കോട്ടയം. പാലിയിൽ കോ (ആര് ) അത്താ (സ്വയം എന്നും കൊത്തളം) അയം ( ഇയാൾ) എന്നീ ശബ്ദങ്ങൾ ചേർന്നതാണ് സ്ഥലനാമം. സ്വയം തിരിച്ചറിവുണ്ടാക്കുന്ന ഇടമായിരുന്നു കോട്ടയം.

ബുദ്ധമത വിശ്വാസികളായ കോട്ടയത്തുകാരെ പരിഹസിക്കുന്ന ഒരു ചൊല്ല് ഒരു പക്ഷേ ചിലരുടെയെങ്കിലും മനസ്സിൽ ഇപ്പോൾ എത്തിക്കാണും. "ഇയാൾ ഏതു കോത്തായത്തുകാരനാണ് ?"

വിശിഷ്ടമായ ഒരു ബുദ്ധവിഹാരമായിരുന്നു തിരുനക്കര. 'നഗര' എന്ന പാലി പദത്തിനു മുമ്പ് 'തിരു' എന്ന തമിഴ് പദം ചേർന്നാണ് തിരുനഗര എന്ന പേരുണ്ടായത്. തമിഴ് ചുവയിൽ എഴുതുമ്പോൾ /പറയുമ്പോൾ നഗര എന്നത് നക്കരയായി മാറുന്നു. അതാണ് തിരുനക്കര.

തിരുനക്കര കുന്നിന്റെ മൂർദ്ധാവിൽ ഒരു ബുദ്ധവിഹാരം ഉണ്ടായിരുന്നു. ചെങ്കല്ലു കൊണ്ടു തീർത്ത കെട്ടുകളും ബുദ്ധപ്രതിമകളും മറ്റും ഇവിടെ ഉണ്ടായിരുന്നു. ഇന്ന് അവിടെ മഹാദേവ ക്ഷേത്രം ആണ് സ്ഥിതി ചെയ്യുന്നത്. പക്ഷേ നൂറ്റാണ്ടുകൾ പഴക്കമുള്ള ബോധി വൃക്ഷം ഇപ്പോഴും അവിടെയുണ്ട്. ഈ തിരുനക്കരയിലെ ബുദ്ധവിഹാരത്തിന്റെ മറ്റൊരു വിളിപ്പേരാണ് പള്ളി. ഈ വിഹാരം അഥവാ പള്ളിയുടെ പുറത്തായി സ്ഥിതി ചെയ്യുന്ന കാവിന് ഇന്നും പേര് പള്ളിപ്പുറത്തുകാവ് എന്നു തന്നെയാണ്.

കോടിമതയും നാഗമ്പടവും പാലിപദങ്ങളിൽ നിന്ന് ഉത്ഭവിച്ചതാണ്. കോടിമതയിൽ നിന്നു നോക്കിയാൽ ഉയർന്ന കോട്ടയംകുന്നുകൾ കാണാം. മത്തക എന്നാൽ മസ്തകം എന്നും സമീപത്ത് എന്നും അർത്ഥം ഉണ്ട്. 'കോടി' എന്നാൽ ഉയരം കൂടിയ ഇടം.
'കോടിമത' എന്നത് 'ഉയരം കൂടിയ കുന്നിന്റെ സമീപമുള്ള ഇടം' എന്ന അർത്ഥത്തിൽ ഉണ്ടായ സ്ഥലനാമം ആണ്.

തിരുനക്കരയുടെ തൊട്ടടുത്ത് ഉള്ള വയസ്കരകുന്നിലും പാലിയും തമിഴും കൂടി കലരുന്നു. അത് വായസാകാരകുന്നാണ് അത്. 'വായസ' അഥവാ കാക്കയുടെ ആകാരമുളള കുന്ന് എന്നർത്ഥം. 'വായസ' എന്നതും 'ആകാര' എന്നതും പാലി പദങ്ങൾ ആണ്.

ചാലുകുന്ന് എന്നതിലെ 'ചല' ശബ്ദം ചലനത്തെ അഥവാ ഇളക്കത്തെ കുറിക്കുന്നു. ചലിക്കുന്ന അഥവാ ഇളക്കമുള്ള കുന്ന് എന്നാണ് നിഷ്പത്തി. ചരൽ കല്ലുകൾ നിറഞ്ഞ കുന്നായതിനാലാണ് അതിന് അങ്ങനെ വിളിക്കുവാൻ കാരണം.

കോടൂരാറ്റിലൂടെ വള്ളങ്ങളിൽ എത്തുന്ന തീർത്ഥാടകർ വന്നിറങ്ങുന്ന കടവിന്റെ പേരും അതിപുരാതനമാണ്: ഈരയിൽ കടവ്. 'ഇരിയതി, എന്ന പാലി ശബ്ദത്തിന് ഇളകുന്ന അഥവാ ചലിക്കുന്ന എന്നാണ് അർത്ഥം. 'ഇരിയതി കടവ് ' ഇടയ്ക്ക് സ്ഥാനം മാറുന്നു. വേനലിലും വർഷത്തിലും സ്ഥാനം മാറുന്ന കടവായതുകൊണ്ടാണ് ചലിക്കുന്ന കടവ് എന്ന അർത്ഥത്തിൽ 'ഇരയതി കടവ് ' ആയത്. അതിന്റെ തത്ഭവമാണ് ഇന്നത്തെ ഈരയിൽ കടവ്.

കടവ് കയറി വരുമ്പോൾ ഉള്ള സ്ഥലനാമം ഗൗതമപുരം എന്നായിരുന്നു. മനോരമയുടെ പഴയ കേന്ദ്ര ഓഫീസ് നിൽക്കുന്നത് ഗൗതമപുരത്ത് ആണ്. അവിടെ തൊട്ടടുത്തുള്ള ശ്രീകൃഷ്ണസ്വാമിക്ഷേത്രം ഇപ്പോഴും ഈ സ്ഥലനാമം ഉപയോഗിക്കുന്നുണ്ട്. തൃഗൗതമപുരം ശ്രീ കൃഷ്ണണസ്വാമിസ്വാമി ക്ഷേത്രം.

നാഗമ്പടം എന്ന സ്ഥലനാമവും ഇതേപോലെ തന്നെ ഉണ്ടായതാണ്. യഥാർത്ഥത്തിൽ 'നഗ' എന്ന ശബ്ദവും 'പദം ' എന്ന ശബ്ദവും ചേർന്ന 'നഗപദം' എന്നതിൽ നിന്നാണ് ഇന്ന് കേൾക്കുന്ന നാഗമ്പടം എന്ന സ്ഥലനാമം ഉണ്ടായത്. നഗ എന്നാൽ കുന്ന് , പദം എന്നാൽ അടിവാരം. കോട്ടയം കുന്നിന്റെ താഴ്‌വരയാണ് 'നഗപദം' അഥവാ ഇന്നത്തെ നാഗമ്പടം.

പുരാതന കാലത്തെ തദ്ദേശീയർ വിളിച്ചിരുന്ന സ്ഥലനാാമങ്ങൾ ഇന്നും വലിയ മാറ്റങ്ങൾ വന്നിട്ടില്ല. ആധുനിക കാലത്തിലും  കോട്ടയത്തെ ഈ സ്ഥലനാമങ്ങൾ ഉറക്കെ  വിളിച്ചു പറയുന്ന ഈ ചരിത്രം കേട്ടിട്ടും കേൾക്കാതെയും അറിഞ്ഞിട്ടും അന്വേഷിക്കാതെയും നാം തമസ്കരിക്കുന്നത് മഹത്തായ ഒരു പാരമ്പര്യത്തെയാണ്.

ഇനി വീണ്ടും പറച്ചിക്കല്ലിലേക്കു വരാം.

എഡി അഞ്ചാം നൂറ്റാണ്ടിനു മുമ്പ് ഉണ്ടായിരുന്ന കേരളത്തിലെ തദ്ദേശ ജനത ബുദ്ധനെ ആവേശത്തോടെ സ്വീകരിച്ചു. എന്നാൽ പിന്നീട് 12-ാം നൂറ്റാണ്ടോടു കൂടി ഗൗതമപുരത്തെ തിരുനഗരത്തിൽ തദ്ദേശജനത ആരാധിച്ചിരുന്ന ബുദ്ധവിഹാരങ്ങളും പള്ളികളും തകർക്കപ്പെടുകയും തിരുനക്കരയിലും കുമാരനല്ലൂരിലും അഗ്രഹാരങ്ങൾ സ്ഥാപിക്കപ്പെടുകയും ചെയ്തു.

കലിംഗത്തിലെ ബുദ്ധക്ഷേത്രങ്ങളുടെ മാതൃകയിൽ ചെങ്കല്ലിൽ തീർത്ത ശില്പങ്ങൾ തച്ചുടയ്പ്പെട്ടു.

പറയരും പുലയരുമടങ്ങുന്ന തദ്ദേശ ജനത അടിമകളാക്കപ്പെട്ടു. അവരുടെ പള്ളികൾ വേട്ടയാടപ്പെടുകയും ചെയ്തു. തദ്ദേശീയരുടെ ആരാധനാ പുരുഷനായ ബുദ്ധ ഭഗവാന്റെ ചെങ്കല്ലിൽ തീർത്ത ശിരോഭാഗത്തിന്റെ മുഖം ചീന്തി നശിപ്പിച്ച ശേഷം അവർ പുതിയതായി ഉയർത്തിയ ക്ഷേത്രത്തിന്റെ 96 ചുവടു ദൂരെ തെക്കുകിഴക്കേ മൂലയിൽ തീണ്ടാപ്പാടകലെയായി ആ ചീന്തിയ ചെങ്കല്ല് ക്ഷേത്രത്തിനഭിമുഖമായി സ്ഥാപിച്ചു.

അടിമകളാക്കപ്പെട്ട, അധ:കൃതരാക്കപ്പെട്ട തദ്ദേശീയരായ അനുയായികളെ ഈ ചീന്തിയ ചെങ്കല്ലിന്റെ ശില്പം വരെ മാത്രമേ കൊണ്ടുവരാൻ കഴിയുമായിരുന്നുള്ളൂ. പറയന്റെയും പുലയന്റെയും ആരാധ്യപുരുഷന്റെ അയ്യന്റെ ആ  ചെങ്കല്ലിനു പിന്നിൽ അടിമകൾ കൊടിയപീഡനങ്ങൾക്കിരയാക്കിയതിലൂടെ അവരുടെ ഭഗവാനു ശക്തിയില്ലെന്നു സ്ഥാപിക്കാനായിരുന്നു വരേണ്യരുടെ ശ്രമം.

പറചെങ്കല്ലെന്നു വിളിക്കപ്പെട്ട ആ ശില്പം ഇന്ന് പറഞ്ഞു പറഞ്ഞ് ഇന്ന് പറച്ചിക്കല്ലായി മാറി.

കഥയും ചരിത്രവും അറിയാതെ നാം ഏറ്റു പറയുന്നു - പറച്ചിക്കല്ല്.

ഏ ആർ രാജേഷ് അതിരമ്പുഴ

2019, ഏപ്രിൽ 15, തിങ്കളാഴ്‌ച

സന്ധ്യ


നീളവും ചൂടും ഏറും പകലിന്റെ
താഡനങ്ങളേറ്റു മരവിക്കുമെൻ
മാനസത്തിന്നു സാന്ത്വനം നൽകുവാൻ
എന്നുമെത്തുവോൾ സന്ധ്യയെൻ പ്രിയകാമിനി!!

കൂട്ടിലണയും കിളികളുടെ മൊഴികളായി
എത്ര കിന്നാരം ചൊല്ലിയോളെങ്കിലും
കാറ്റിലിരുൾമുടി വിടർത്തിയൊരു തേങ്ങലായി എത്രവട്ടം പിണങ്ങി പിരിഞ്ഞവൾ... !!

ഏറിടും വിരഹതാപത്തിൽ കേണു ഞാൻ
രാവിനന്ത്യത്തിൽ വീണു മയങ്ങവേ,
ജാലകപ്പഴുതിലൂടെ കരം നീട്ടി
എന്നെയിക്കിളികൂട്ടിയുണർത്തുവാൻ
ഈറൻ മാറാതെ, കുളിർമണികളോടെ
വീണ്ടുമെത്തും ഉഷസന്ധ്യയായവൾ

മെല്ലെയാ നാണം അകലുന്നു, പിന്നെയോ
ഗൗരവം ചൂടിയവൾ വളരുന്നൂ
പകലു പോലെയാ ഭാവം പടരുന്നു
പകരുമച്ചൂടിൽ ഞാനും എരിയുന്നൂ

വീണ്ടുമൊരു സന്ധ്യയായവൾ വരും
നീണ്ടുമിഴികളെറിഞ്ഞു ഞാൻ നിൽക്കുന്നു
ചക്രവാളത്തിന്നതിരുകളിലെങ്ങോ
പുഷ്ടമോദവും രാഗവുമായി വീണ്ടും
നമ്രമുഖിയായി നാണംകുണുങ്ങിയായി
എത്തിടും സന്ധ്യയവളെന്റെ കാമിനി

നീളവും ചൂടുമേറും പകലിൻറെ
പീഡനങ്ങളേറ്റു മുറിവേൽക്കുമെൻ
മേനിയിൽ തേൻ പുരട്ടി പുണരുവാൻ
എന്നുമെത്തുവോൾ സന്ധ്യയെൻ പ്രിയകാമിനി !!



ഏ ആർ രാജേഷ് അതിരമ്പുഴ

2019, മാർച്ച് 26, ചൊവ്വാഴ്ച

ഒളിഞ്ഞുനോട്ടം

 ഒളിഞ്ഞുനോട്ടം


വീട്ടുമുറ്റത്തെ ഹൃദയ വള്ളിക്കുടിലിൽ
രണ്ടു കുരുവികൾ കൂടുകൂട്ടുന്നു

ചകിരിനാരുകൾ കോർത്ത്
വാഴനാരുകൾ നിരത്തി
മനോഹരമായി അവർ
കൂട് മെനയുന്നത് ഞാൻ നോക്കിനിന്നു


എൻറെ നോട്ടം പലപ്പോഴും അവനെ അലോസരപ്പെടുത്തി
അവളുടെ കണ്ണുകളിൽ ആകട്ടെ
ഭയം നിഴലിട്ടു.

എങ്കിലും എൻറെ ആകാംക്ഷയ്ക്ക്
ഒരു കുറവുമുണ്ടായില്ല,

ജാലക വാതിൽ പാതിതുറന്ന്
അതിന്റെ പിന്നിൽ മറഞ്ഞിരുന്ന്
മിഴിയെറിയുന്നത് പതിവായപ്പോൾ
അവർ കൂട്ടിൽ ചേക്കേറാതെയായി.

- ഏ ആർ രാജേഷ് അതിരമ്പുഴ