2019 മാർച്ച് 14, വ്യാഴാഴ്‌ച

പാരതന്ത്ര്യം മാനികൾക്കു .....

ഈ കവിത ഒരുപാടു നൊസ്റ്റാൾജിയ ഉണർത്തുന്നതാണ്.

കാരണം ഇതെഴുതിയത് സ്കൂൾ കാലഘട്ടത്തിൽ ആണ്. ചില വാക്കുകൾ പിന്നീട് മാറ്റിയിട്ടുണ്ടെങ്കിലും ....

രസകരമായി തോന്നിയതിനാൽ ഇവിടെ പങ്കു വെയ്ക്കുന്നു.


പാരതന്ത്ര്യം മാനികൾക്കു ....

ഏ ആർ രാജേഷ് അതിരമ്പുഴ
-------------------------------------------

ദൂരെക്കിഴക്കൻ മലകൾക്കു മീതെയായ്
സൂര്യൻ തലയൊട്ടുയർത്തിയപ്പോൾ

നേരമൊട്ടേറെയായെന്നു നിനച്ചു ഞാൻ
വേഗം കിടക്കേലുണർന്നെണീക്കെ,

അമ്മതൻ ശബ്ദം അടുക്കള തന്നിലാ-
യിമ്മട്ടു കേൾക്കാറായുച്ചത്തിലായ്:

"ഉച്ചയായി സൂര്യനിങ്ങുച്ചിയിലായിട്ടും
കൊച്ചനുറക്കം തെളിഞ്ഞതില്ല ''

ആവിധം നീളും ശകാരശരങ്ങൾക്കു
കാതിരയാക്കാതെ ഞാൻ നടന്നു

വായ ശുചിയാക്കാൻ മാവിലതേടി ഞാൻ
ആരാമഭംഗിയിൽ ചോടു വെയ്ക്കേ

ഉച്ചത്തിലായൊരു കാകന്റെ രോദനം
മെച്ചത്തിലെൻ കാതിൽ വന്നു വീണു!

തൊട്ടടുത്തുള്ളൊരാ മുള്ളിൻ പടർപ്പിലായ്-
പെട്ടു കിടപ്പൂ കറുത്തമുത്ത് ...!!

കതിരവൻ മുന്നിലും ചിറകൊതുക്കാറില്ല
ഇരവിന്റെയിച്ചെറു ചീന്തു പക്ഷേ,

ചിറകുകൾ മുള്ളിൽ കുരുങ്ങി കുഴങ്ങുന്നു
മിഴികൾ ഭയമാർന്നുഴറിടുന്നൂ... !!

സുന്ദരനാകുമക്കാകനെ കൈകളിൽ
കോരിയെടുക്കുവാൻ ചോടുവെയ്ക്കേ ....

കൊക്കു പിളർത്തി കുടഞ്ഞൂ ചിറകുകൾ,
കൂടുതൽ ഉച്ചത്തിൽ കേണു പാവം !!

എത്തുന്നൊരായിരം കാക്കകൾ പെട്ടെന്നെൻ
ചുറ്റോടു ചുറ്റും പറന്നിടുന്നൂ.....!

എന്തിനാണെന്നുടെയുദ്യമമെന്നുള്ള
ശങ്കയാലാക്രോശഘോഷമായി....!!

ഏതോ വിരുതൻ ഇളംമുറക്കാരനെൻ
ശൂന്യ ശിരോഭൂവിൽ ഒന്നുതോണ്ടി...!!

മുമ്പേ ഗമിച്ചൊരാ കാകശ്രേഷ്ഠൻ തന്റെ
പിമ്പേ ഗമിക്കുവാൻ മത്സരമായി...!!!

താളഭേദത്തിന്റെ ആവർത്തനങ്ങളെൻ
മാന്യശിരസ്സിൽ പെരുക്കീടവേ....!!

ഹാവൂ..! തലയും തലോടിക്കുതിച്ചു ഞാൻ
വീട്ടിന്നകം പൂകിയാശ്വസിച്ചൂ....!!!

"പാരതന്ത്ര്യം മാനികൾക്കു
മൃതിയേക്കാൾ ഭയാനകം...."

😃😃

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ