2020 ജനുവരി 10, വെള്ളിയാഴ്‌ച

ഗന്ധർവരാഗം

പാടുക, ഗാനഗന്ധർവ്വ, പാടുക
പാലമരത്തിന്റെ ശാഖകളിലാകവേ
പൂക്കൾ വിടർത്തി വർഷിച്ചു പാടുക
പാലപൂത്ത സുഗന്ധമായി പടരുക

ഈ വഴി മറന്നൊരാ ശ്യമമേഘങ്ങളെ,
രാഗഭാവങ്ങളാലാനയിച്ചീടുക,
ഇപ്പൈക്കിടാങ്ങളെ ചാരത്തണയ്ക്കുക, എന്റെ
കദനകാളിന്ദിയിൽ ശാന്തിമധുരം നിറക്കുക.

ഗന്ധർവ്വരാഗം ഒഴുകിയെത്തുമ്പോൾ
അന്തരംഗത്തിലും രാഗപീയൂഷം
അഷ്ടദിഗ്ഗജങ്ങളിൽ മാരിവിൽകുടമാറ്റം
അംഗുലിത്തുമ്പുകളിൽ താള വിന്യാസം

ശംഭുവിന്നുടുക്കിലുംതാളം ഉണരട്ടെ
നിൻ രാഗ ബിന്ദുവിൽ ലോകം ഒതുങ്ങട്ടെ
ഗോവർദ്ധനഗിരി കുടയായ് വിരിയട്ടെ
ഗോപികമാർ രാസനൃത്തം ചവിട്ടട്ടെ

പാടുനീ ഗാനഗന്ധർവ്വ, പാടുക
രാഗഭാവങ്ങളായൊഴുകി പടരുക
അനുപമം നിൻറെ സ്വരരാഗസിന്ധുവിൽ
അലിയട്ടെ വെണ്ണയായീ കരിമ്പാറയും

കൊമ്പുകൾ കോർത്തു നിൽക്കുന്ന മാനുകൾ
ഗാനചന്ദ്രികയിൽ കുളിർ ചൂടി നിൽക്കുന്നു
മിന്നുമീ കൊച്ചുതാരങ്ങളിൽ നിന്നും
മഞ്ഞു തുള്ളികൾ കുളിരായി പൊഴിയുന്നു.

നിന്റെ താരാട്ടു പാട്ടുകേട്ടെന്റെ
കുഞ്ഞിനൊപ്പമുറങ്ങട്ടെ ഈശ്വരൻ
നിന്റെ ഉണർത്തുപാട്ടു കേട്ടെന്റെ
മണ്ണിൽ മാനവസ്നേഹം പുലരട്ടെ.

പ്രണവനാദമായുണരട്ടെ നിൻ സ്വരം
പ്രണയമിന്നതിലൊഴുകിയെത്തിടും.
ശുഭകരം നിന്റെ മൃദുസ്വരമതിൽ
പുതുവസന്തവും ചിറകു നീർത്തിടും

ഉണരുമായിരം സുമദളങ്ങളിൽ
സുഖദഗന്ധളെങ്ങും പരന്നിടും
കല്പപവൃക്ഷത്തലപ്പുകളൊക്കെയും
നിന്റെ പാട്ടിനു മുദ്രകൾ കാട്ടിടും

തേന്മാവുകൾ തളിരേന്തിടും പൂത്തിടും
കുയിലുകൾ തളിർ തിന്നു മദിച്ചിടും.
നിന്റെയീ ഗാനധാരയ്ക്കു പിന്നാലെ
കോകിലങ്ങൾ കളകൂജനം ചെയ്തിടും

ഇന്ദ്രധനുസ്സിന്റെ വർണ്ണജാലങ്ങളായി
ചന്ദ്രകിരണത്തിൻ മൃദുലസ്പർശങ്ങളായി,
മന്ദ്രമോഹന സുന്ദരമായെന്റെ
ഇന്ദ്രിയങ്ങളിൽ നിറയട്ടെ നിൻ സ്വരം

ചകിതചിന്തകളാകെയുമൊഴിയട്ടെ
സകല ദ്വേഷത്തിനഗ്നിയുമണയട്ടെ
പഥികരീനീണ്ടപാതയിൽ തളരാതെ,
മധുരശീതളിമയാകട്ടെ നിൻഗാനം.

ഇവിടെ നീരറ്റഭൂവിന്നു ഗംഗയായി,
അചരസാലഭഞ്ജികകളിലുയിരായി,
വിരഹദുഃഖങ്ങളകലുവാൻ പിന്നെയും
നിന്റെ ഗാനങ്ങൾ നിറയട്ടെ വീഥിയിൽ.

പാടുക ഗാനഗന്ധർവ പാടുക
അന്ധകാരത്തിൽ നിലാവായി നിറയുക.
പുതിയ പുലരി വരുമെന്നു പാടി നീ
മണ്ണിലെന്നും പ്രതീക്ഷ നിറയ്ക്കുക.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ