2025 ഓഗസ്റ്റ് 27, ബുധനാഴ്‌ച

വിദ്യാരംഭം - കവിത

വിദ്യാരംഭം


അക്ഷയമായോരറിവിൻ ഖനിയാം

അക്ഷരവിദ്യയ്ക്കവകാശം

നേടിയെടുത്തതു പൂജിച്ചല്ലാ

മന്ത്രം കൊണ്ട് ജപിച്ചല്ലാ


തെല്ലനുകമ്പയും തീണ്ടാത്തവരുടെ

മുന്നിൽ യാചന ചെയ്തല്ലാ..

വിണ്ണിൽ നിന്നുമിറങ്ങിയ ദൈവം,

വെറുതെ നൽകിയ വരമല്ലാ...


അക്ഷരമില്ലാതുഴലുന്നോർക്കായി

പ്രക്ഷോഭത്തിൻ നായകനായി

അക്ഷരമറിയാ സങ്കടമറിയും

അയ്യൻ കാളി ജ്വലിച്ചല്ലോ: 


"വിദ്യ പഠിക്കാനായവകാശം 

എൻറെ കിടാങ്ങൾക്കില്ലെന്നാൽ 

ഇല്ലിനി ഞങ്ങൾ പാടത്തേക്കും 

പട്ടിണി തീണ്ടി മരിച്ചാലും!


പുഞ്ചപ്പാടം പാഴ്നിലമാക്കും 

മുട്ടിപ്പുല്ലു കിളിർപ്പിക്കും!

ഈമലനാട്ടിലെ മക്കൾക്കുണ്ടേ

അക്ഷര വിദ്യയ്ക്കവകാശം"


സമരത്തീയിൽ പാടമുണങ്ങി, 

പത്തായങ്ങളൊഴിഞ്ഞപ്പോൾ 

അരവയർ മുന്നേ കെട്ടി മുറുക്കി,

അയ്യൻ കാളി ജയിച്ചല്ലോ... 


പട്ടിണി കൊണ്ടും സമരം ചെയ്തും

നേടിയെടുത്തോരവകാശം 

അമ്പലമുറ്റത്തെന്തിനു നമ്മൾ

ദക്ഷിണ വച്ചു തുടങ്ങുന്നു..?


-  എ ആർ രാജേഷ് അതിരമ്പുഴ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ