*ദൈവങ്ങളെ കവർന്നെടുക്കുമ്പോൾ*
- എ ആർ രാജേഷ് അതിരമ്പുഴ
ദൈവാധീനം ജഗത്സർവ്വം
മന്ത്രാധീനം തു ദൈവതം
തന്മന്ത്രം ബ്രാഹ്മണാധീനം
ബ്രാഹ്മണേഭ്യോ നമോ നമ:
ജഗത് അഥവാ ലോകം മുഴുവൻ ദൈവത്തിൻ്റെ അധീനതയിൽ ആണ്. എന്നാൽ ആ ദൈവം ആകട്ടെ മന്ത്രങ്ങൾക്ക് കീഴ്പ്പെട്ടവരും ആണ്. ആ മന്ത്രങ്ങളൊക്കെയും ബ്രാഹ്മണരുടെ മാത്രം അധീനതയിലും ആണ്. അതുകൊണ്ട് ബ്രാഹ്മണരെ നമിക്കുന്നു. ഇതാണ് മേൽപ്പറഞ്ഞ ശ്ലോകത്തിന്റെ അർത്ഥം.
ദൈവം എന്ന സങ്കല്പം എന്തായിരുന്നാലും അതിനെ പൂജ ചെയ്യുവാനുള്ള അവകാശം ഒരേയൊരു വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് മാത്രമാണ് എന്ന ആശയം ഇന്ത്യയിലെ എല്ലാ ഗോത്ര വിഭാഗങ്ങളിലേക്കും എത്തിക്കുവാൻ കഴിഞ്ഞു എന്നുള്ളതാണ് ബ്രാഹ്മണരുടെ വിജയം.
അങ്ങനെയാണ് കറുത്ത മനുഷ്യരുടെ കറുത്ത ദൈവങ്ങൾ പോലും ആ തന്ത്രങ്ങൾക്ക് മുന്നിൽ അടിമകളാക്കപ്പെട്ടത്. കറുത്തരാമനും കറുത്ത കൃഷ്ണനും കറുത്ത ശിവനും കറുകറുത്ത കാളിയും മാത്രമല്ല, യക്ഷിയും രക്ഷസും ചാത്തനും നീലിയും അയ്യനും അയ്യപ്പനും വേലായുധനും എല്ലാം അവരുടെ മന്ത്രങ്ങൾക്ക് മുന്നിൽ അടിയറ വെച്ചുകൊണ്ടാണ് ഗോത്ര മനസ്സുകൾ കീഴടങ്ങിയത്.
കാവുകളിലും പതികളിലും അമർന്നിരുന്ന കാവൽ ദൈവങ്ങളെ പോലും ബ്രാഹ്മണരുടെ അധീനതയിൽ വിട്ടുകൊടുത്തു. ദൈവങ്ങൾ ശ്രീകോവിലിൻ്റെ ഉള്ളിലെ തടവുകാരാക്കപ്പെട്ടു. അകത്തു കടന്നു പൂജ ചെയ്യാനുള്ള അവകാശം ബ്രാഹ്മണന് മാത്രം.
സഹസ്രങ്ങളായ കറുത്ത ഗോത്രങ്ങളിൽ സഹസ്രാബ്ദങ്ങളായി പറഞ്ഞു പോന്ന വാമൊഴി കഥകളിലെ വീര നായകന്മാർ സംസ്കൃത കാവ്യങ്ങളിലൂടെ ദൈവങ്ങളായി മാറ്റപ്പെട്ടു. ശേഷം അവർക്ക് പൂജാ വിധികൾ സൃഷ്ടിക്കപ്പെട്ടു.
അവർക്ക് ഒരിക്കലും പിടി കൊടുക്കാതിരുന്ന ബുദ്ധൻ എന്ന നാസ്തികനെ പോലും ഇപ്പോൾ വിഷ്ണുവിന്റെ അവതാരമായി പ്രചരിപ്പിച്ചുകൊണ്ട് ബ്രാഹ്മണരുടെ വരുതിയിലാക്കാനുള്ള ഭഗീരഥപ്രയത്നം നടന്നു വരുന്നു. *ബുദ്ധൻ സ്വയം ദൈവം ആയി പ്രഖ്യാപിക്കാതിരുന്നത് കൊണ്ട് മാത്രം ആണ് അവർക്ക് ഇതേവരെ അത് സാധ്യമാകാതെ നിൽക്കുന്നത്.* ബുദ്ധൻ വിഷ്ണുവിന്റെ അവതാരം ആണെന്ന് പുതിയ വ്യാഖ്യാനങ്ങൾ അവർ കൊണ്ടുവരുന്നതിൻ്റെ ലക്ഷ്യം തന്നെ അപ്രാപ്യമായ ഒന്നിനെ പ്രാപിക്കുക എന്നതാണ്.
പറയരും പുലയരും ഈഴവരും അടക്കമുള്ള സകല ജാതി വിഭാഗങ്ങളും അമ്പലങ്ങൾ പണിതു കൂട്ടുന്ന തിരക്കിലാണ്. ഈ അടുത്തകാലത്ത് പെരുമ്പറയൻ്റെ പേരിൽ ഒരു ക്ഷേത്രം തെക്കൻ കേരളത്തിൽ പണിതിട്ടുണ്ട്. അധിക കാലതാമസം ഒന്നും വേണ്ട പെരുമ്പറയൻ പോലും ശ്മശാന വാസിയായ ശിവൻറെ അംശമാണ് എന്ന് പ്രചരിപ്പിച്ചുകൊണ്ട് ആ ക്ഷേത്രവും പൂജ ചെയ്യുവാനുള്ള അവകാശം ബ്രാഹ്മണൻ ഏറ്റെടുക്കും. ശിവാംശമായ പെരുമ്പറയന് സംസ്കൃതത്തിൽ മൂല മന്ത്രവും സൃഷ്ടിക്കും.
നിങ്ങൾ ഏതു ദൈവത്തെയും സങ്കൽപ്പിച്ചു കൊള്ളൂ. പാമ്പായോ, പക്ഷിയായോ, നാൽക്കാലി ആയോ എന്തുതന്നെയും ആകട്ടെ ആ ദൈവത്തിന് അർച്ചന കഴിക്കുവാനുള്ള അവകാശം മാത്രം മറ്റാർക്കും ലഭിക്കുകയില്ല തന്നെ.
ഒരു 50 കൊല്ലം മുമ്പ് ഉയർന്നുവന്ന ക്ഷേത്രങ്ങളൊക്കെ പരിശോധിച്ചാൽ ആ ക്ഷേത്രങ്ങളുടെ എല്ലാം ചുറ്റുമതിൽക്കെട്ടിന് പുറത്ത് കുറച്ച് അനാഥ ബിംബങ്ങൾ കാണാൻ കഴിയും. ചടയൻ എന്നോ, ചാത്തനെന്നോ, നീലി എന്നോ, യക്ഷി എന്നോ, രക്ഷസെന്നോ, ചുടല മാടൻ എന്നോ, ചുടല മറുത എന്നോ ഒക്കെ വിളിപ്പേരുള്ള ഇവയൊക്കെ യഥാർത്ഥത്തിൽ ഈ നാട്ടിലെ തനത് ഗോത്രങ്ങളുടെ കാവുകളിൽ കാവൽ ദൈവങ്ങളായി വെച്ചാരാധിച്ചിരുന്ന ദൈവങ്ങളായിരുന്നു.
വൈദിക മതത്തിൻറെ കടന്നുവരവോടുകൂടി ഇത്തരം കാവുകളിൽ പുതിയ ക്ഷേത്രങ്ങൾ ഉയർന്നു വരികയും പുരാണങ്ങളിൽ പരാമർശിച്ചിട്ടുള്ള ദൈവങ്ങൾ പ്രധാന പ്രതിഷ്ഠകളായി മാറുകയും ചെയ്തു. ഗോത്രദൈവങ്ങളെല്ലാം പുറമ്പോക്കിലെ ദൈവങ്ങളായി കുടിയിരുത്തപ്പെട്ടു.
തനത് ഗോത്രങ്ങൾക്ക് ക്ഷേത്രങ്ങൾക്കുള്ളിൽ ആരാധന ചെയ്യാനുള്ള അവകാശവും നഷ്ടപ്പെട്ടു. അത്തരം അവകാശങ്ങളൊക്കെ ബ്രാഹ്മണർ കൈയടക്കുകയും ചെയ്തു. ഇന്ദ്രനും അഗ്നിയും വരുണനും സൂര്യനും ചന്ദ്രനും ഒക്കെ പ്രധാന ദൈവങ്ങളായി കടന്നുവരുന്ന വൈദിക വിധികളെ മാറ്റിവെച്ചുകൊണ്ട് സാധാരണ ജനങ്ങളുടെ ഇടയിൽ പ്രിയങ്കരരായി മാറിയ ദൈവങ്ങളുടെ പൂജ ചെയ്യാനുള്ള അവകാശം കവർന്നെടുത്തുകൊണ്ട് ബ്രാഹ്മണർ ഭൂമിയിലെ ദേവന്മാരായി മാറി.
ദേവപ്രീതിക്കായി എന്ത് പൂജ ചെയ്യണമെങ്കിലും അത് ബ്രാഹ്മണർ ചെയ്താൽ മാത്രമേ ഫലം ഉണ്ടാകൂ എന്ന വിശ്വാസം ജനിപ്പിക്കുക വഴി ഇന്ത്യയിലെ ഇതര ഗോത്ര സമൂഹങ്ങൾക്ക് മേലെ അവർ അധീശത്വം ഉറപ്പാക്കുകയും ചെയ്തു.
ആധിവ്യാധി ഹരം നൃണാം
ദു:ഖ ദാരിദ്ര്യ നാശനം
ശ്രീ പുഷ്ടി: കീർത്തിദം വന്ദേ
വിപ്രശ്രീപാദപങ്കജം.
ആളുകളുടെ ആധിയും വ്യാധിയും ദാരിദ്ര്യവും ദുഃഖവും നശിപ്പിക്കുവാനും കീർത്തിയും ഐശ്വര്യവും ലഭിക്കുവാനും ബ്രാഹ്മണരുടെ പാദപങ്കജങ്ങൾ പൂജിക്കുക മാത്രമേ വഴിയുള്ളൂ എന്ന് അടിമത്വബോധം സൃഷ്ടിച്ചെടുക്കാൻ അവർക്ക് കഴിഞ്ഞു.
*ഏതു ജാതിയിൽ പെട്ടവരായാലും, ദൈവം എന്ന സങ്കല്പിച്ചു കൊണ്ട് നിങ്ങൾ എന്തുതന്നെ കൊണ്ടുവന്നു സ്ഥാപിച്ചാലും അതിന്മേൽ നിങ്ങൾക്ക് ഒരിക്കലും അവകാശം ഉണ്ടാവുകയില്ല എന്ന് തിരിച്ചറിവ് ഉണ്ടാകുന്ന കാലത്ത് മാത്രമേ ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗങ്ങൾ അവരുടെ മാനസികവും സാമൂഹികവുമായ അടിമത്തത്തിൽ നിന്നും മോചനം നേടുകയുള്ളൂ.*
എ ആർ രാജേഷ് അതിരമ്പുഴ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ