ഒരു ഗാനം കൂടി നീ പാടുക, യല്ലെങ്കി-
ലൊരു വാക്കു കൂടി പറയുക, വീണ്ടും
ഒരു സുസ്മിതത്തിന്നിതൾ നീ വിടർത്തുക
അലിയട്ടെയതിൽ ഞാനുമെൻ കാലത്രയങ്ങളും
ഇനിയീ വഴികളും നമുക്കന്യമാകുന്നു
ഇനിയീ വ്യഥകളെൻ നെഞ്ചിലേറ്റുന്നു ഞാൻ
മിഴിനീർക്കണങ്ങൾ തുടയ്ക്കുക നീയിനി
മൃദുഹാസമൊന്നിൻ തിരി തെളിച്ചീടുക
ഇവിടെ നിന്നെത്രയോ വഴികൾ നീളുന്നു
എവിടേക്കു പോകുവാൻ ഞാനുമുരുളുന്നു
വഴി കാത്തു നിൽക്കുന്നു ഭാഗ്യപുഷ്പങ്ങളും
ചുടുനിണം തേടുന്ന മുൾമുനക്കൂട്ടവും
എവിടെയെൻ തോഴർ, നിഴലായി തുടർന്നവർ
ഒരു വാക്കു മിണ്ടാതെയെവിടേക്കു പോയവർ
എന്റെ നിഴലിന്റെ നെറുകയിൽ പതിയുന്നതേതു
ചുവടുകൾ മൃതിയുടെ മാർജ്ജാര പാദമോ?
ചുവടുറപ്പിച്ചൊന്നു നിൽക്കുവാനാവില്ല
തുടരുമീ കാലപ്രവാഹത്തിലെങ്ങും
അലകളിൽ തിരകളിൽ ചിതറുന്ന നുരകളായി
ചിതറുന്നു നമ്മളും അകലുന്നു തങ്ങളിൽ
തുഴയുമീ കൈകൾ കുഴഞ്ഞു വീഴും മുമ്പ്,
ശുഭ്രമീ മാനം കറുത്തു താഴും മുമ്പ്,
തിരകളുണർന്നു ഫണം നീർത്തിടും മുമ്പെന്റെ
ചെറുതോണിയൊരു ചെറുതുരുത്തിലെത്തിക്കണം
ചിപ്പിയും മുത്തും കുറെ കുപ്പിവളകളും
ചെപ്പിലൊതുക്കിയോരെൻ മൗനമോഹങ്ങൾ
തിരകളിലുലഞ്ഞെന്റെ തോണി നീങ്ങുമ്പൊഴും
തിരയുന്നുവറിയാത്ത തീരങ്ങൾ ഞാൻ
കാവൽ കിടന്ന ഞാൻ തെല്ലൊന്നുറങ്ങിയോ
കാലവുമെന്നെ കടന്നങ്ങു പോയിതോ?
ഇതൾ വാടി നിൽക്കുമാ രാവിൻ സുമങ്ങളെ
വഴി തെറ്റിയെത്തുന്ന കാറ്റു തലോടിയോ?
ഇരുളിന്റെ മുഷ്ടിയിലമരാതെ പിന്നെയും
ചിറകുനീർത്തുന്നു നാം മിന്നാമിനുങ്ങുകൾ!
പിരിയാതിരിക്കുവാനാവില്ലയെങ്കിലും ഒരു
വഴിയമ്പലത്തിൽ നാമൊരുമിച്ചുകൂടുമോ?
അരയാൽത്തറകളും ദേവകൾക്കായിപോൽ,
അതിരു തർക്കങ്ങളെ നൈവെദ്യമാക്കിപോൽ,
ഗലികളിൽ ഭയത്തിന്റെ നിഴൽ വീണ വഴികളിൽ
ബലിപീഠമേറി കിതക്കുന്നു രക്തം!
ഇവിടെയോ ഞാനും തിരയേണ്ടു ഭാഗ്യം
സുഖജീവിതത്തിന്റെ നിറമാർന്ന ഭാവം?!
എങ്ങാനും കണ്ടുമുട്ടാം നാളെ നമ്മളീ വഴികളിൽ
കാണാതെ പോയിടാം അപരിചിതരെന്നപോൽ!
അതിനുമുമ്പിവിടെ നാമിക്കനൽ വട്ടത്തിൽ
മധുരമാം പാഥേയം പങ്കു വെയ്ക്കാം
ഒരു കുയിൽ പാട്ടിന്റെ താളഭേദങ്ങളും
ഒരു മയിൽപീലി തൻ വർണ്ണഭാവങ്ങളും
മറവിയിൽ വിലയിച്ചു ചേരുന്നതിൻ മുമ്പ്
ഒരു മാത്ര കൂടിയാ മധുരം നുണഞ്ഞിടാം

ചുവടുറപ്പിച്ചൊന്നു നിൽക്കുവാനാവില്ല
മറുപടിഇല്ലാതാക്കൂതുടരുമീ കാലപ്രവാഹത്തിലെങ്ങും
അലകളിൽ തിരകളിൽ ചിതറുന്ന നുരകളായി
ചിതറുന്നു നമ്മളും അകലുന്നു തങ്ങളിൽ
വളരെ വളരെ മനോഹരമായിരിക്കുന്നു. രാജേഷേ. ധാരാളം എഴുതുക. CBS -ഇൽ മുങ്ങി ഈ സർഗവാസന മറന്നു പോവല്ലേ.
ഇതൊരു പഴയ സൃഷ്ടിയാണു സർ...
ഇല്ലാതാക്കൂഎങ്കിലും നല്ല വാക്കുകൾ പുതിയ രചനകൾക്കു പ്രചോദനമാകും.... നന്ദി....