2019 ഏപ്രിൽ 15, തിങ്കളാഴ്‌ച

സന്ധ്യ


നീളവും ചൂടും ഏറും പകലിന്റെ
താഡനങ്ങളേറ്റു മരവിക്കുമെൻ
മാനസത്തിന്നു സാന്ത്വനം നൽകുവാൻ
എന്നുമെത്തുവോൾ സന്ധ്യയെൻ പ്രിയകാമിനി!!

കൂട്ടിലണയും കിളികളുടെ മൊഴികളായി
എത്ര കിന്നാരം ചൊല്ലിയോളെങ്കിലും
കാറ്റിലിരുൾമുടി വിടർത്തിയൊരു തേങ്ങലായി എത്രവട്ടം പിണങ്ങി പിരിഞ്ഞവൾ... !!

ഏറിടും വിരഹതാപത്തിൽ കേണു ഞാൻ
രാവിനന്ത്യത്തിൽ വീണു മയങ്ങവേ,
ജാലകപ്പഴുതിലൂടെ കരം നീട്ടി
എന്നെയിക്കിളികൂട്ടിയുണർത്തുവാൻ
ഈറൻ മാറാതെ, കുളിർമണികളോടെ
വീണ്ടുമെത്തും ഉഷസന്ധ്യയായവൾ

മെല്ലെയാ നാണം അകലുന്നു, പിന്നെയോ
ഗൗരവം ചൂടിയവൾ വളരുന്നൂ
പകലു പോലെയാ ഭാവം പടരുന്നു
പകരുമച്ചൂടിൽ ഞാനും എരിയുന്നൂ

വീണ്ടുമൊരു സന്ധ്യയായവൾ വരും
നീണ്ടുമിഴികളെറിഞ്ഞു ഞാൻ നിൽക്കുന്നു
ചക്രവാളത്തിന്നതിരുകളിലെങ്ങോ
പുഷ്ടമോദവും രാഗവുമായി വീണ്ടും
നമ്രമുഖിയായി നാണംകുണുങ്ങിയായി
എത്തിടും സന്ധ്യയവളെന്റെ കാമിനി

നീളവും ചൂടുമേറും പകലിൻറെ
പീഡനങ്ങളേറ്റു മുറിവേൽക്കുമെൻ
മേനിയിൽ തേൻ പുരട്ടി പുണരുവാൻ
എന്നുമെത്തുവോൾ സന്ധ്യയെൻ പ്രിയകാമിനി !!



ഏ ആർ രാജേഷ് അതിരമ്പുഴ