ഏ ആർ രാജേഷ് അതിരമ്പുഴ
പ്രിയ കാമിനീ ദാക്ഷായനീ
ഞാനെരിയുമൊരു ചുടലയുടെ കാവലാൾ
പ്രണയമിന്നെരിയുന്ന
കനൽ പോലെ നീറുമീ ചുടലയിൽ
പ്രളയമായി, പ്രണവമായി
പ്രചണ്ഡ താണ്ഡവ നടനമാടാൻ
തോറ്റമായി, നീറ്റമായി
ഒറ്റച്ചിലമ്പിന്റെ നാദമുണരുമ്പോൾ
എന്നെയും ചൂഴുമീ തീണ്ടാപ്പാടു നീ
തീണ്ടിയെന്നരികിൽ വന്നെത്തുക
ചണ്ഡാലനെന്നു വിളിക്കട്ടെ ലോകം, കൂപ-
മണ്ഡൂകങ്ങളായാർക്കട്ടെ ലോകർ
ചുടലയിൽ കനലണയാതെ കാക്കുമീ
പെരുമ്പറയന്റെ വിരലുകളിൽ
വിറപൂണ്ടു, തുടിയിലുണരുന്ന താളം
ചുവടുകളിൽ പകർന്നാടുന്ന നേരം
വരിക സഖി, എന്നയിത്തപ്പാടു
തീണ്ടിയെന്നരികിൽ വന്നണയുക.
ചുടലയിൽ, അഗ്നിയുടെ രസനയിൽ
അലിയുന്ന ദേഹങ്ങളിൽ,
തൃഷ്ണകൾ തീരാതെയെത്തിയോർ
അരചനാകട്ടെ, യാചകനുമാകട്ടെ,
ഒടുവിലൊരു പിടി ചാമ്പലായി മാറുമതി-
ലെവിടെയാ,ണെങ്ങനാ,ണെന്തു ഭേദം ?
ചണ്ഡാലനെന്നു വിളിപ്പൂ നിൻ താതന്റെ
നെഞ്ചിൽ നുരയുന്നോരാ ജാതിദ്വേഷം
എന്റെ കഴുത്തിലണിയുന്ന പാമ്പിനും
കണ്ഠനാളത്തിലെ കാളകൂടത്തിനും
അത്രമേലില്ല സംഹാര വീര്യം, അരുതു
നീയൊരു നാളും തിരിച്ചു പോകാതിരിക്കുക
ഇവിടെ നീ പ്രകൃതിയും ഞാൻ നിന്റെ പുരുഷനും
ഒരുമിച്ചു പൂർണ്ണത കൈവരിക്കാം.
ജീവന്നു നിത്യത നൽകുവാനായി
നമ്മളൊരുമിച്ചു ചേർന്നിനി നൃത്തമാടാം...!!