2013 ഡിസംബർ 24, ചൊവ്വാഴ്ച

മഴച്ചാർത്ത്



ഇന്നലെ രാവിന്നിരുണ്ട യാമങ്ങളിൽ
തോരാതെ പെയ്ത മഴ നീയായിരുന്നു....!
ആ മഴച്ചാർത്തിന്നടങ്ങാത്ത തേങ്ങലിൽ
ആർദ്രം അലിഞ്ഞതു ഞാനായിരുന്നു.....!

പുതുപുലരി തേടി ഞാനന്ധകാരത്തിന്റെ
നഗരഹൃദയങ്ങളിൽ വഴി തെറ്റിയുഴറവേ,
മറയുമെൻ മതികലയ്ക്കുള്ളില്പിടഞ്ഞീടും
അക്ഷരാക്ഷങ്ങളർത്ഥം പിഴയ്ക്കുന്നു
കലികാമദുരിതങ്ങൾ കടയുന്നൊരഗ്നിയിൽ
ചമതയായന്നു ഞാനെരിയുന്ന നേരം
ഒരു മഴക്കുളിരിന്റെ കുടമാകെയെന്നിലെ
ചുടുകനൽക്കാട്ടിൽ ചൊരിഞ്ഞുവോ നീ...?!

കരളിലെ ഖനികളിൽ പവിഴനിര കരുതുന്ന
തെളിനീല സാഗരം എന്നെ ക്ഷണിക്കവേ
ജലമണിയുമെന്റെയീ മിഴിമുനച്ചാലുകളിൽ
ഉണരുന്നു ചുഴികളും ചുഴലിഭൂതങ്ങളും....!!
ഇണ വേർപിരിഞ്ഞൊരാകിളിമനം കാൺകെയെൻ
ഹൃദയക്ഷോഭത്തിന്റെ വരികളിലൂടെ ഞാൻ
ഒരു കാവ്യധ്യാനഗിരിശൃംഗത്തിലേറി നവ
രാമായണങ്ങൾക്കു സീതയെത്തിരയുന്നു...!!

വന്നുനീശ്യാമഘനമേഘമായവിടെയെൻ
വല്മീകമൗനത്തിലേയ്ക്കാർത്തുപെയ്തുപോൽ
ആ മഴയാട്ടത്തിനാലസൽഭംഗിയിൽ
ആകെ ഭ്രമിച്ചതു ഞാനായിരുന്നു....!!

2013 ഡിസംബർ 23, തിങ്കളാഴ്‌ച

അവസാനത്തെ ക്യാമ്പ്ഫയറിനു ശേഷം



  
ഒരു ഗാനം കൂടി നീ പാടുക, യല്ലെങ്കി-
ലൊരു വാക്കു കൂടി പറയുക, വീണ്ടും
ഒരു സുസ്മിതത്തിന്നിതൾ നീ വിടർത്തുക
അലിയട്ടെയതിൽ ഞാനുമെൻ കാലത്രയങ്ങളും

ഇനിയീ വഴികളും നമുക്കന്യമാകുന്നു
ഇനിയീ വ്യഥകളെൻ നെഞ്ചിലേറ്റുന്നു ഞാൻ
മിഴിനീർക്കണങ്ങൾ തുടയ്ക്കുക നീയിനി
മൃദുഹാസമൊന്നിൻ തിരി തെളിച്ചീടുക

ഇവിടെ നിന്നെത്രയോ വഴികൾ നീളുന്നു
എവിടേക്കു പോകുവാൻ ഞാനുമുരുളുന്നു
വഴി കാത്തു നിൽക്കുന്നു ഭാഗ്യപുഷ്പങ്ങളും
ചുടുനിണം തേടുന്ന മുൾമുനക്കൂട്ടവും

എവിടെയെൻ തോഴർ, നിഴലായി തുടർന്നവർ
ഒരു വാക്കു മിണ്ടാതെയെവിടേക്കു പോയവർ
എന്റെ നിഴലിന്റെ നെറുകയിൽ പതിയുന്നതേതു
ചുവടുകൾ മൃതിയുടെ മാർജ്ജാര പാദമോ?

ചുവടുറപ്പിച്ചൊന്നു നിൽക്കുവാനാവില്ല
തുടരുമീ കാലപ്രവാഹത്തിലെങ്ങും
അലകളിൽ തിരകളിൽ ചിതറുന്ന നുരകളായി
ചിതറുന്നു നമ്മളും അകലുന്നു തങ്ങളിൽ

തുഴയുമീ കൈകൾ കുഴഞ്ഞു വീഴും മുമ്പ്,
ശുഭ്രമീ മാനം കറുത്തു താഴും മുമ്പ്,
തിരകളുണർന്നു ഫണം നീർത്തിടും മുമ്പെന്റെ
ചെറുതോണിയൊരു ചെറുതുരുത്തിലെത്തിക്കണം

ചിപ്പിയും മുത്തും കുറെ കുപ്പിവളകളും
ചെപ്പിലൊതുക്കിയോരെൻ മൗനമോഹങ്ങൾ
തിരകളിലുലഞ്ഞെന്റെ തോണി നീങ്ങുമ്പൊഴും
തിരയുന്നുവറിയാത്ത തീരങ്ങൾ ഞാൻ

കാവൽ കിടന്ന ഞാൻ തെല്ലൊന്നുറങ്ങിയോ
കാലവുമെന്നെ കടന്നങ്ങു പോയിതോ?
ഇതൾ വാടി നിൽക്കുമാ രാവിൻ സുമങ്ങളെ
വഴി തെറ്റിയെത്തുന്ന കാറ്റു തലോടിയോ?

ഇരുളിന്റെ മുഷ്ടിയിലമരാതെ പിന്നെയും
ചിറകുനീർത്തുന്നു നാം മിന്നാമിനുങ്ങുകൾ!
പിരിയാതിരിക്കുവാനാവില്ലയെങ്കിലും ഒരു
വഴിയമ്പലത്തിൽ നാമൊരുമിച്ചുകൂടുമോ?

അരയാൽത്തറകളും ദേവകൾക്കായിപോൽ,
അതിരു തർക്കങ്ങളെ നൈവെദ്യമാക്കിപോൽ,
ഗലികളിൽ ഭയത്തിന്റെ നിഴൽ വീണ വഴികളിൽ
ബലിപീഠമേറി കിതക്കുന്നു രക്തം!
ഇവിടെയോ ഞാനും തിരയേണ്ടു ഭാഗ്യം
സുഖജീവിതത്തിന്റെ നിറമാർന്ന ഭാവം?!

എങ്ങാനും കണ്ടുമുട്ടാം നാളെ നമ്മളീ വഴികളിൽ
കാണാതെ പോയിടാം അപരിചിതരെന്നപോൽ!
അതിനുമുമ്പിവിടെ നാമിക്കനൽ വട്ടത്തിൽ
മധുരമാം പാഥേയം പങ്കു വെയ്ക്കാം

ഒരു കുയിൽ പാട്ടിന്റെ താളഭേദങ്ങളും
ഒരു മയിൽപീലി തൻ വർണ്ണഭാവങ്ങളും
മറവിയിൽ വിലയിച്ചു ചേരുന്നതിൻ മുമ്പ്
ഒരു മാത്ര കൂടിയാ മധുരം നുണഞ്ഞിടാം

2013 ഡിസംബർ 21, ശനിയാഴ്‌ച

പ്രണയത്തിന്റെ ഉപ്പു്





തിരയൊഴിയുന്നതും കാത്തുനില്ക്കുമെൻ മൗഢ്യം
പഴയൊരു കിനാവിന്റെ പൊരുളു തിരയുന്നു
പ്രണയിച്ചു തീരാത്ത ഞാനുമെൻ കവിതയും
പ്രളയവും താണ്ടി നിന്നരികിലെത്തുന്നു

കാലം അടങ്ങാത്ത കടലെന്നപോലെന്റെ
കാലടികളിൽ നിന്നും കവരുമീ മോഹ
തീരത്തിലെന്തിനോ വിഭ്രമം നിന്റെ
കാലടിപ്പാടുകൾ തിരയുന്നു വെറുതെ ഞാൻ

പാഠഭേദങ്ങൾ തേടിയ പുസ്തകശാലയിൽ
നിഴലുകൾ പുണരുന്ന വിജനമാം കോണിൽ
സ്വേദരേണുക്കളുണരും നിൻ വദനകുസുമത്തിൽ
ചൊരിയാതിരുന്ന ചുംബനം മധുരമാണിപ്പൊഴും

പോരുംവഴിയിൽ കഫേയിൽ കാപ്പി തൻ
മധുരം നുകർന്നു പിരിഞ്ഞു നാമെങ്കിലും
നിനച്ചു ഞാൻ, നിലവിളക്കായി തെളിയട്ടെ നീ-
യതിൽ പടരുവാനില്ല കരിയെന്ന പോലെ ഞാൻ..

ഉള്ളിലെയഗ്നിയൊളിപ്പിച്ചു നടന്നവർ
അറിവീല പൊരുളെന്ന പോലെ നടിച്ചവർ
ഉരുൾപൊട്ടലെന്നപോൽ പോയകാലത്തിലാ
വ്യഥിത ഹൃദയത്തിൻ മുറിവുകൾ കണ്ടുവൊ?

പറയുവാൻ വയ്യെന്ന, പറയാതെ വയ്യെന്ന
മുൾമുനകളാലെ  വിരൽതുമ്പിലും പിന്നെ
ഹൃദയത്തിലും നിന്നുമടർത്തി നല്കാം
വിശകലനങ്ങൾക്കായി ശോണബിന്ദുക്കൾ

അതിലുള്ള കോശങ്ങളൊരു ചില്ലുഫലകത്തിൽ
അതിസൂക്ഷ്മ ദർശിനിയാൽ വീക്ഷിക്ക നീ
ഇന്നുമതിലുണ്ടു നിറമേകാതെ ഞാൻ കാത്ത മധുര
പ്രണയത്തിൻ സ്ഫടികമണിസംയുക്തകങ്ങൾ